ദുബൈ മെട്രോ മേയ് 28ഓടെ പൂർവസ്ഥിതിയിലാകും
കനത്ത മഴയെത്തുടർന്ന് പ്രവർത്തനം നിലച്ച ദുബൈയിലെ മെട്രോ സ്‌റ്റേഷനുകൾ മേയ് 28ഓടെ പൂർണമായും പ്രവർത്തനമാരംഭിക്കുമെന്ന് ആർടിഎ അറിയിച്ചു. മഴക്കെടുതിയെ തുടർന്ന് അടച്ചിട്ടിരിക്കുന്ന ഓൺ പാസിവ്, ഇക്വിറ്റി, മഷ്റഖ്, എനർജി മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനമാണ് മേയ് 28ഓടെ പുനഃസ്ഥാപിക്കുക. മഴക്കെടുതി ബാധിച്ച സ്‌റ്റേഷനുകളിൽ എല്ലാ അറ്റകുറ്റപ്പണികളും പരിശോധനകളും പൂർത്തീകരിച്ചാണ് ട്രെയിൻ യാത്ര പുനഃസ്ഥാപിക്കുക. യാത്രക്കാരുടെ സുരക്ഷിതമായ യാത്രക്ക് ഏറ്റവും മികച്ച നിലവാരത്തിൽ പ്രവർത്തന ക്ഷമമാണോയെന്ന് പരീക്ഷണവും നടത്തും.
അതേസമയം, സർവിസ് പുനരാരംഭിക്കുന്നത് വരെ, 150ലേറെ ബസുകൾ ഉപയോഗിച്ച് പ്രവർത്തനം നിലച്ച സ്‌റ്റേഷനുകളിലേക്കുള്ള യാത്രക്കാരെ കൊണ്ടുപോകുന്നത് തുടരും. മൂന്നു റൂട്ടുകളിലായാണ് ബസുകൾ സർവിസ് നടത്തുക. ബിസിനസ് ബേ സ്‌റ്റേഷനിൽനിന്ന് ഓൺ പാസിവിലേക്ക് മാൾ ഓഫ് എമിറേറ്റ്‌സ്, മശ്‌റഖ്, ഇക്വിറ്റി, ദുബൈ ഇൻറർനെറ്റ് സിറ്റി, അൽഖെൽ മെട്രോ സ്‌റ്റേഷനുകൾ വഴിയാണ് ബസ് സർവിസ്.