ദുബൈ കമ്പനി 10 എയർ ടാക്സികൾ വാങ്ങുന്നു
എയർ ടാക്സി സർവിസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രഞ്ച് ഹെലികോപ്ടർ സർവിസ് കമ്പനിയായ എയർ ഷാട്ടോ 10 എയർ ടാക്സികൾക്ക് ഓർഡർ നൽകി. യൂറോപ്യൻ കമ്പനിയായ ക്രിസാലിയോൺ മൊബിലിറ്റിയിൽ നിന്നാണ് എയർ ടാക്സികൾ വാങ്ങുന്നത്. 2030ഓടെ ദുബൈയിൽ വാണിജ്യാടിസ്ഥാനത്തിൽ എയർ ടാക്സി സർവിസുകൾ തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി. പൈലറ്റിനെ കൂടാതെ അഞ്ച് യാത്രക്കാർക്ക് യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലുള്ള എയർ ടാക്സിയാണ് വികസിപ്പിക്കുന്നത്.
നഗരങ്ങളിലേയും പ്രാന്തപ്രദേശങ്ങളിലേയും യാത്രക്ക് അനുയോജ്യമായ രീതിയിലാണ് എയർ ടാക്സികളുടെ രൂപകൽപന. അതോടൊപ്പം കാർഗോ സർവിസുകൾക്കും എയർ ടാക്സി ഉപയോഗിക്കും. മണിക്കൂറിൽ 180 കിലോമീറ്ററാണ് വേഗം. അതോടൊപ്പം നിലവിലെ ബാറ്ററി ശേഷി അനുസരിച്ച് 130 കിലോമീറ്റർ വരെ സഞ്ചരിക്കാൻ എയർ ടാക്സിക്ക് ശേഷിയുണ്ട്. യു.എ.ഇയെ കൂടാതെ സൗദി അറേബ്യയും എയർ ടാക്സി സർവിസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. ആധുനിക ഗതാഗത സംവിധാനം അവതരിപ്പിക്കുന്നതിലൂടെ യാത്ര സമയം പരമാവധി കുറക്കുകയും സുസ്ഥിരമായ മാർഗങ്ങളിലേക്ക് മാറുകയുമാണ് ലക്ഷ്യം.
ദുബൈക്ക് ശേഷം മിഡിൽ ഈസ്റ്റിലെ മറ്റു ഭാഗങ്ങൾ, തെക്ക് കിഴക്കൻ ഏഷ്യ, കിഴക്ക് ഏഷ്യ, യൂറോപ് എന്നിവിടങ്ങളിലേക്കും എയർ ടാക്സി സർവിസ് വ്യാപിപ്പിക്കാനാണ് കമ്പനി തീരുമാനമെന്ന് എയർ ഷാട്ടോ ചെയർമാൻ സമിർ മുഹമ്മദ് പറഞ്ഞു. ദുബൈ, അബൂദബി നഗരങ്ങളിലേക്കായിരിക്കും തുടക്കത്തിൽ സർവിസ്.