എയർ ടാക്സി സ്റ്റേഷനുകളുടെ നിർമാണം ആരംഭിച്ച് ദുബൈ; 2026 ഓടെ സർവീസ് ആരംഭിക്കും
പൊതു ഗതാഗതരംഗത്ത് വിപ്ലവമായി മാറിയേക്കാവുന്ന എയർ ടാക്സി സർവിസ് ആരംഭിക്കുന്നതിനായി ആദ്യ എയർ ടാക്സി സ്റ്റേഷന്റെ നിർമാണം ദുബൈയിൽ ആരംഭിച്ചു. ദുബൈ വിമാനത്താവളത്തിനടുത്താണ് ആദ്യ സ്റ്റേഷൻ നിർമിക്കുന്നതെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.3100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്റ്റേഷന് പ്രതിവർഷം 42,000 ലാന്‍ഡിങ്ങുകളും 1,70,000 യാത്രക്കാരെയും ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും. ഡൗൺ ടൗൺ, ദുബൈ മറീന, പാം ജുമൈറ എന്നിവിടങ്ങളിലും ആദ്യഘട്ടത്തിൽ സ്റ്റേഷനുകൾ നിർമിക്കും. 2026ൽ എയർ ടാക്സി സർവിസ് ആരംഭിക്കുമെന്നും ശൈഖ് ഹംദാൻ എക്സിൽ കുറിച്ചു.
സുരക്ഷ, സുസ്ഥിരത, നവീനത എന്നിവയിൽ വിട്ടുവീഴ്ചയില്ലാതെ ആഗോള മൊബിലിറ്റിയുടെ ഭാവി രൂപപ്പെടുത്തുന്നത് ദുബൈ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും നൂതനമായ എയർ ടാക്സി ടേക് ഓഫ്, ലാന്‍ഡിങ് ശൃംഖല വഴി നഗരത്തിലൂടെ എയർ ടാക്സി സർവിസ് നടത്തുന്ന ലോകത്തെ ആദ്യ നഗരമായി ദുബൈയെ മാറ്റുകയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
2026ന്റെ ആദ്യ പാദത്തിൽ ഔദ്യോഗികമായി എയർ ടാക്സി സർവിസ് ആരംഭിക്കും. തുടക്കത്തിൽ നാല് സ്റ്റേഷനുകളാണ് ഉണ്ടാവുക. ദുബൈ രാജ്യാന്തര വിമാനത്താവളം, ഡൗൺടൗൺ, ദുബൈ മറീന, പാം ജുമൈറ എന്നിവിടങ്ങളിലായിരിക്കും ആദ്യ ഘട്ടത്തിൽ സർവിസ്.
സ്കൈ പോർട്ടുമായി സഹകരിച്ചാണ് എയർ ടാക്സി സ്റ്റേഷനുകളുടെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. ടേക് ഓഫ്, ലാൻഡിങ് ഏരിയകൾ, ഇലക്ട്രിക് ചാർജിങ് സൗകര്യങ്ങൾ, യാത്രക്കാർക്കുള്ള സ്ഥലങ്ങൾ, സുരക്ഷ നടപടിക്രമങ്ങൾ എന്നിവയും ആസൂത്രണം ചെയ്യുന്നത് ഇവരാണ്. ജോബി ഏവിയേഷനാണ് എയർ ടാക്സിയുടെ നിർമാണവും പ്രവർത്തനവും മേൽനോട്ടം വഹിക്കുന്നത്. ആർ.ടി.എയുടെ ഉത്തരവാദിത്തത്തിലായിരിക്കും എയർ ടാക്സി സർവിസ്.
ദുബൈ വിമാനത്താവളത്തിൽനിന്ന് പാം ജുമൈറയിലേക്ക് 10-12 മിനിറ്റിനുള്ളിൽ എത്തിച്ചേരാനാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നിലവിൽ 45 മിനിറ്റാണ് ഇവിടേക്കുള്ള യാത്ര സമയം. ഇലക്ട്രിക് ചാർജിങ്ങിലൂടെ പ്രവർത്തിക്കുന്ന എയർ ടാക്സിക്ക് മണിക്കൂറിൽ 321 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാവും.