Begin typing your search...

ദുബൈയിൽ സന്ദർശകരായി എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് മൂന്നുമാസം ജോലിക്ക് അനുമതി

ദുബൈയിൽ സന്ദർശകരായി എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് മൂന്നുമാസം ജോലിക്ക് അനുമതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബൈയിൽ സന്ദർശകരായി എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് മൂന്നുമാസം പ്രാക്ടീസ് ചെയ്യാനുള്ള ഹൃസ്വകാല അനുമതി നൽകുമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി. ദുബൈ വേൾഡ് ട്രേഡ് സെൻററിലെ 'അറബ് ഹെൽത്ത് കോൺഗ്രസി'ലാണ് ഇക്കാര്യം അധികൃതർ വെളിപ്പെടുത്തിയത്. അടിയന്തരഘട്ടങ്ങളും അത്യാഹിതങ്ങളും ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിന് പ്രദേശിക ആരോഗ്യ സംവിധാനങ്ങൾ പൂർണ സജ്ജമായിരിക്കാൻ വേണ്ടിയാണ് സംവിധാനം ലക്ഷ്യമിടുന്നത്.

എമിറേറ്റിലെ ആരോഗ്യ സേവന സംവിധാനങ്ങളിൽ മെഡിക്കൽ പ്രഫഷനലുകളുടെ സാന്നിധ്യം ആവശ്യത്തിന് ഉറപ്പുവരുത്താനും പദ്ധതി ഉപകരിക്കും. താൽക്കാലികമായി അനുവദിക്കുന്ന പെർമിറ്റ് തൊഴിൽ തേടുന്നവർക്കും ആശുപത്രികൾക്കും വലിയ രീതിയിൽ ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രഫഷനൽ യോഗ്യതയുള്ള പ്രവാസികൾക്ക് ദുബൈയിൽ താൽക്കാലിക ജോലിയിൽ പ്രവേശിക്കാൻ സാധിച്ചാൽ ഭാവിയിൽ തൊഴിൽ അന്വേഷിക്കുന്നതിനും ഉപകാരപ്പെടും. എന്നാൽ, താൽക്കാലിക പെർമിറ്റ് നേടുന്നതിലൂടെ പിന്നീട് സ്ഥിരം പ്രഫഷനൽ ലൈസൻസ് ലഭിക്കുമെന്ന് ഉറപ്പിക്കാനാവില്ലെന്ന് ഡി.എച്ച്.എയുടെ ഹെൽത്ത് റെഗുലേഷൻ വിഭാഗം സി.ഇ.ഒ ഡോ. മർവാൻ അൽ മുല്ല പറഞ്ഞു. ഒരു പ്രത്യേക ഫീൽഡിൽ പ്രഫഷണൽ ലൈസൻസ് നേടുന്നത് ഏകീകൃത പ്രഫഷണൽ യോഗ്യതാ ഗൈഡിൽ വിവരിച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാസ്‌പോർട്ട് കോപ്പി, എമിറേറ്റ്‌സ് ഐ.ഡി (ഒപ്ഷനൽ), ഫോട്ടോ, ബിരുദ സർട്ടിഫിക്കറ്റ്, സ്വന്തം രാജ്യത്തെ പ്രഫഷനൽ ലൈസൻസ് (താമസക്കാർക്കും ഇൻറേൺസിനും ലൈസൻസ് പകർപ്പ് സമർപ്പിക്കേണ്ടതില്ല), സി.വി കോപ്പി തുടങ്ങിയവയാണ് അപേക്ഷ സമർപ്പിക്കാൻ ആവശ്യമെന്ന് ഡി.എച്ച്.എ വെബ്‌സൈറ്റിൽ പറയുന്നു.


ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച് നിശ്ചിത ഫീസടച്ചാൽ ഡി.എച്ച്.എയുടെ വിലയിരുത്തലിനുശേഷം പെർമിറ്റ് ലഭിക്കും. താൽക്കാലികമായി ലഭിക്കുന്ന പെർമിറ്റ് പുതുക്കാനോ കൈമാറാനോ അനുവാദമുണ്ടാകില്ല. പെർമിറ്റിൻറെ കാലയളവ് ആരോഗ്യ സ്ഥാപനത്തിന് നിശ്ചയിക്കാം. എന്നാൽ, മൂന്നു മാസത്തിൽ കൂടുതൽ ഈ അനുമതി ഉപയോഗിച്ച് ജോലിയിൽ തുടരാനാവില്ലെന്നും വെബ്‌സൈറ്റിൽ പറയുന്നു. നഴ്‌സുമാർക്കും പ്രസവശുശ്രൂഷകർക്കും 1000 ദിർഹമും ഡോക്ടർമാർക്ക് 3000 ദിർഹമുമാണ് പെർമിറ്റിന് ആവശ്യമായത്.

WEB DESK
Next Story
Share it