ഡ്രൈവറില്ലാ കാറുകളുടെ മത്സരയോട്ടം ഇന്ന്
യാസ് മറീന സര്‍ക്യൂട്ടില്‍ ചരിത്രമെഴുതാന്‍ ഇന്ന് ഡ്രൈവറില്ലാ കാറുകളുടെ മത്സരയോട്ടം. നാലു സ്വയം നിയന്ത്രിത കാറുകളാണ് അബൂദബി ഓട്ടോണമസ് റേസിങ് ലീഗിന്റെ ഭാഗമായി ഒരുസമയം ട്രാക്കിലിറങ്ങുക. 25.5 ലക്ഷം ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്ന മത്സരത്തില്‍ എട്ടു ടീമുകളാണ് പങ്കെടുക്കുക. പ്രഥമ അബൂദബി ഓട്ടോണമസ് റേസിങ് ലീഗിന് സാക്ഷിയാകാന്‍ പതിനായിരത്തിലേറെ കാണികള്‍ യാസ് മറീന സര്ക്യൂട്ടിലെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. യു.എസില്‍ നിന്നുള്ള കോഡ് 19 റേസിങ്, ജര്‍മനിയില്‍ നിന്നും സ്വിറ്റ്സര്‍ലൻഡില്‍ നിന്നുമുള്ള കണ്ട്രക്ടര് യൂനിവേഴ്സിറ്റി, ചൈനയിലെ ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയെ പ്രതിനിധീകരിക്കുന്ന ഫ്ലൈ ഈഗ്ള്‍ എന്നിവയും ഹംഗറി, യു.എ.ഇ, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളുമാണ് മത്സരയോട്ടത്തില് പങ്കെടുക്കുന്നത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയിലാകും ഈ ഡ്രൈവറില്ലാ കാറുകള്‍ സഞ്ചരിക്കുക.
ഓരോ ടീമിനുമൊപ്പം കോഡേഴ്സും എന്‍ജിനീയര്‍മാരും ഉണ്ടാകും. ഓരോ ടീമുകളുടെയും കോഡിങ് കഴിവും അല്‍ഗോരിതവും മെഷീന് ലേണിങ് സോഫ്റ്റ് വെയര്‍ നിര്‍മാണവുമൊക്കെ വിലയിരുത്തിയാകും മാര്‍ക്കിടുക. ഒരുസമയം നാലുകാറുകളാകും ട്രാക്കിലിറങ്ങുക. വിവിധ റൗണ്ടുകളിലെ വിജയികളാവും ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുക. മത്സര ഭാഗമായി സ്വയംനിയന്ത്രിത കാറുകളും മുന്‍ എഫ്1 ഡ്രൈവര്‍ ഡാനിയല്‍ കിവിയാത്തും തമ്മിലുള്ള മത്സരത്തിനും യാസ് മറീന സര്‍ക്യൂട്ട് വേദിയാവും.
ജി.പി.എസ് സഹായമില്ലാതെയുള്ള നിര്‍മിത ബുദ്ധി കാറുകളുടെ പ്രകടനവും സര്‍ക്യൂട്ടില്‍ അരങ്ങേറും.
കേവലമൊരു മത്സരയോട്ടമെന്നതിലുപരി സ്വയംനിയന്ത്രിത വാഹന സാങ്കേതികവിദ്യയുടെ പരീക്ഷണവും പൊതു റോഡുകളിലെ അവയുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനുള്ള പരീക്ഷണം കൂടിയാണെന്നും പ്രാദേശിക, അന്തര്‍ദേശീയ പങ്കാളികളുമായി ചേര്‍ന്ന് ഭാവി ഗതാഗതം ആണ് തങ്ങള്‍ കൊണ്ടുവരുന്നതെന്നും റേസിങ് ലീഗ് സംഘാടകരായ ആസ്പയര് സി.ഇ.ഒ സ്റ്റെഫാനി ടിംപാനോ പറഞ്ഞു.