യുഎഇയിൽ വി.പി.എൻ ഉപയോഗിക്കാമെന്ന് സൈബർ സുരക്ഷാ മേധാവി, ദുരുപയോഗം വേണ്ട
യുഎഇയിൽ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക് (വി.പി.എൻ) ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് അനുവദനീയമാണെന്നും എന്നാൽ ദുരുപയോഗം പാടില്ലെന്നും സൈബർ സുരക്ഷ മേധാവി മുഹമ്മദ് അൽ കുവൈത്തി. വി.പി.എൻ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞവർഷം രാജ്യത്ത് വർധന രേഖപ്പെടുത്തിയിരുന്നു. വി.പി.എൻ ആപ്പുകൾ 18 ലക്ഷം പേർ ഡൗൺലോഡ് ചെയ്തതായി അറ്റ്‌ലസ് വി.പി.എൻ പുറത്തുവിട്ട ഏറ്റവും പുതിയ ആഗോള വി.പി.എൻ ഉപയോഗ സൂചിക റിപ്പോർട്ടിലാണ് വ്യക്തമായത്. ഇതോടെ രാജ്യത്തെ ആകെ വി.പി.എൻ ഉപയോക്താക്കളുടെ എണ്ണം 61 ലക്ഷത്തിലെത്തിയിട്ടുണ്ട്. പ്രാദേശിക മാധ്യമവുമായി സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
മാനദണ്ഡങ്ങൾ അനുസരിച്ച് വി.പി.എൻ ഉപയോഗിക്കുന്നതിന് യു.എ.ഇയിൽ നിരോധനമില്ല. അതേസമയം, നിയമവിരുദ്ധമായ രീതിയിലോ കുറ്റകൃത്യങ്ങൾക്കോ വേണ്ടി ഉപയോഗിച്ചാൽ നിയമനടപടി നേരിടേണ്ടിവരികയും ചെയ്യും. അതോടൊപ്പം യു.എ.ഇ സർക്കാർ തടഞ്ഞ വെബ്സൈറ്റുകൾ, കോളിങ് ആപ്ലിക്കേഷനുകൾ, ഗെയിമിങ് ആപ്ലിക്കേഷനുകൾ എന്നിവയിലേക്ക് ആക്സസ് ലഭിക്കുന്നതിന് ഐ.പി അഡ്രസ് മറച്ചുവെച്ച് വി.പി.എൻ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. രാജ്യത്തെ സൈബർ നിയമത്തിലെ ആർട്ടിക്കിൾ 10 പ്രകാരം, വി.പി.എൻ ദുരുപയോഗം ചെയ്യുന്നവർക്ക് തടവും 500,000 ദിർഹം മുതൽ 20 ലക്ഷം ദിർഹംവരെ പിഴയും ലഭിക്കും.
ലോകത്ത് പി.പി.എൻ ഉപയോഗ നിരക്കിൽ ഖത്തർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് യു.എ.ഇയിലാണ്. 61 ശതമാനമാണ് രാജ്യത്ത് വി.പി.എൻ അഡോപ്ഷൻ നിരക്ക്. ഖത്തറിലിത് 69.87 ശതമാനമാണ്. കഴിഞ്ഞ നാലുവർഷത്തിനിടയിൽ വലിയ രീതിയിലാണ് വി.പി.എൻ ഉപയോഗം വർധിച്ചിട്ടുള്ളത്. 2020ൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇൻറർനെറ്റ് ഉപയോഗം വർധിച്ച സമയത്ത് വി.പി.എൻ ഡൗൺലോഡും വർധിച്ചിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ 2023ആണ് ഏറ്റവും കൂടുതൽ ഡൗൺലോഡുണ്ടായത്.