ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
ഇന്ത്യൻ പ്രവാസികൾക്ക് ദീപാവലി ആശംസ നേർന്ന് യു.എ.ഇ ഭരണാധികാരികൾ. പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരാണ് എക്‌സ് അക്കൗണ്ടിലൂടെ ദീപാവലി ആശംസ അറിയിച്ചത്. ഹിന്ദി, ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളിലായിരുന്നു പ്രസിഡൻറ് ശൈഖ് മുഹമ്മദിൻറെ ആശംസ.
ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും സമാധാനവും ആരോഗ്യവും സന്തോഷവുമുണ്ടായിരിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ഊഷ്മളമായ ആശംസകൾ നേരുന്നതായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും എക്‌സ് സന്ദേശത്തിൽ അറിയിച്ചു. വെളിച്ചത്തിൻറെ ഉത്സവം നിങ്ങൾക്കും പ്രിയപ്പെട്ടവർക്കും സന്തോഷവും സമാധാനവും സുരക്ഷിതത്വവും നൽകട്ടെയെന്ന് പ്രാർഥിക്കുന്നു. ഹൃദയങ്ങളിലെ വെളിച്ചം ജനങ്ങളെ ഐക്യത്തിലേക്കും സ്‌നേഹത്തിലേക്കും നയിക്കട്ടെ -ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
ദീപാവലി ദിനത്തിൽ യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾ ഗംഭീരമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. രാജ്യത്തുടനീളം പ്രവാസികളുടെ താമസസ്ഥലങ്ങളിലും കെട്ടിടങ്ങളിലെ ബാൽക്കണികളും ചുവരുകളും ദീപങ്ങളും വെളിച്ചവും കൊണ്ട് അലങ്കരിച്ചിരുന്നു. യു.എ.ഇയിലെ ഏറ്റവും വലിയ ജനവിഭാഗമാണ് ഇന്ത്യൻ പ്രവാസികൾ. തങ്ങളുടെ രാജ്യത്തിൻറെ വികസനത്തിൽ പങ്കാളികളാകുന്ന എല്ലാവരെയും ചേർത്തുപിടിക്കുകയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദീപാവലി ആശംസകളിലൂടെ യു.എ.ഇ രാഷ്ട്ര നേതാക്കൾ.