ഡേറ്റിങ് ആപ്പ് , അപരിചിതരിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റ് , തട്ടിപ്പുകളിൽ വീഴരുത് , മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അബുദാബി : സൈബർ ചതിക്കുഴികളിൽ വീഴാതിരിക്കാൻ പൗരന്മാർക്കു നിർദേശവുമായി യുഎഇ . സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും എങ്ങനെ സുരക്ഷിതരായിരിക്കാമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അബുദാബി പൊലീസ് . സമൂഹമാധ്യമങ്ങൾ വൻ ചതിക്കുഴികളായി മാറുകയും പലരും ഇരകളാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടി . സോഷ്യൽ മിഡിയയിൽ അപരിചിതരിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയാൽ സ്വീകരിക്കരുതെന്ന് പൊലീസ് നിർദേശിക്കുന്നു . കൂടാതെ നിങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പബ്ലിക്കാക്കരുതെന്നും അപരിചിതരുമായി ഇവ പങ്കുവയ്ക്കരുതെന്നും മുന്നറിയിപ്പിലുണ്ട് .
ഡേറ്റിങ് ആപ്പുകളെയും സൈറ്റുകളെയും കരുതിയിരിക്കാനും നിർദേശമുണ്ട് . സോഷ്യൽ മിഡിയ അഡിക്ഷൻ , സംശയാസ്പദമായ വെബ്സൈറ്റുകൾ സന്ദർശിക്കൽ , യുവാക്കളെ നിരീക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും മാതാപിതാക്കളുടെ പരാജയം തുടങ്ങിയവ ആളുകൾ എളുപ്പത്തിൽ തട്ടിപ്പുകളിൽ വീഴുന്നതിനു കാരണമാണെന്നും പൊലീസ് പറയുന്നു . തട്ടിപ്പിനിരയാവുന്നവർ വിവരം ഉടൻ തന്നെ പൊലീസിൽ അറിയിക്കണമെന്നും നിർദേശമുണ്ട് . ടോൾ ഫ്രീ നമ്പറായ 8002626 ( AMAN2626 ) ൽ വിളിക്കുകയോ അല്ലെങ്കിൽ 2828 ഈ നമ്പറിൽ മെസേജ് അയക്കുകയോ ചെയ്യാം.