അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗ് ; വാഹനം പിടിച്ചെടുത്ത് ദുബൈ പൊലീസ് , ഡ്രൈവർക്ക് 50,000 ദിർഹം പിഴ
മഴയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്ക് 50,000 ദിർഹം പിഴ. വാഹനം ദുബൈ പൊലീസ് പട്രോളിങ് ടീം പിടിച്ചെടുക്കുകയും ചെയ്തു. കറുത്ത പിക്അപ് ട്രക്കാണ് അൽ മർമൂം മരുഭൂമിയിൽ മണലിലൂടെ ഡ്രിഫ്റ്റിങ് നടത്തുകയും പിന്നീട് റോഡിൽ വേഗത്തിൽ ഓടിച്ചുപോവുകയും ചെയ്തത്.
ഇതിന്റെ വിഡിയോ അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിൽ പ്രത്യേകിച്ച് ശ്രദ്ധ വേണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നുമുള്ള തുടർച്ചയായ മുന്നറിയിപ്പുകൾ നൽകിയ ശേഷമാണ് സംഭവമുണ്ടായതെന്ന് പൊലീസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സ്റ്റണ്ട് ഡ്രൈവിങ്ങും ഡ്രിഫ്റ്റിങ്ങും അടക്കമുള്ള അപകടകരമായ രീതിയിലുള്ള ഡ്രൈവിങ് പൊതുസുരക്ഷക്ക് ഭീഷണിയാണെന്നും ദുബൈ പൊലീസ് ഓപറേഷൻസ് അഫയേഴ്സ് ആക്ടിങ് അസി.കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. പ്രത്യേകിച്ച് ജീവൻ അപകടപ്പെടുത്തുന്ന അശ്രദ്ധമായ ഡ്രൈവിങ്ങിനോടും റോഡ് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്ന പെരുമാറ്റങ്ങളോടും സഹിഷ്ണുതയില്ലാത്ത സമീപനമാണ് ദുബൈ പൊലീസ് സ്വീകരിക്കുന്നതെന്ന് മേജർ ജനറൽ അൽ മസ്റൂയി പറഞ്ഞു.