ദുബൈയിൽ പത്തു ട്രക്ക് വിശ്രമകേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയായി
ദുബൈ നഗരത്തിൽ ട്രക്കുകൾക്ക് വിശ്രമിക്കാനായി പത്തു കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). എമിറേറ്റിലെ പ്രധാന റോഡുകളോട് ചേർന്ന് ആറു സ്ഥലങ്ങളിലാണ് കേന്ദ്രങ്ങൾ നിർമിച്ചത്. ആകെ 16 സ്ഥലങ്ങളിൽ സൗകര്യമൊരുക്കുന്നതിൽ പത്തെണ്ണമാണ് പൂർത്തിയായിരിക്കുന്നത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ദുബൈ-ഹത്ത റോഡ്, ദുബൈ-അൽഐൻ റോഡ്, ജബൽ അലി-ലഹ്ബാബ് റോഡ്, അൽ അവീർ റോഡ് എന്നിവിടങ്ങളിലാണ് സൗകര്യം ഏർപ്പെടുത്തിയത്. ഇവയെല്ലാം ദിനംപ്രതി നിരവധി ട്രക്കുകൾ കടന്നുപോകുന്ന റോഡുകളാണ്.
അബൂദബി നാഷനൽ ഓയിൽ കമ്പനി(അഡ്നോക്)യുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഡീസൽ നിറക്കാൻ സ്റ്റേഷൻ, പ്രാർഥന മുറി, ഡ്രൈവർമാരുടെ വിശ്രമമുറി, മറ്റു സൗകര്യങ്ങൾ എന്നിവയടങ്ങിയ കേന്ദ്രം ട്രക്ക് ഡ്രൈവർമാരുടെ സുരക്ഷയും ആവശ്യങ്ങളും പരിഗണിച്ചാണ് ഒരുക്കിയത്. ഗതാഗത സുരക്ഷ ഉറപ്പുവരുത്താനും അപകടങ്ങൾ പകുതിയായി കുറക്കാനും പദ്ധതി വഴി സാധിക്കുമെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പ്രസ്താവനയിൽ പറഞ്ഞു. ട്രക്കുകൾക്ക് വിലക്കുള്ള സമയങ്ങളിൽ ഗതാഗതം സുഗമമാക്കാനും ട്രക്ക് ഡ്രൈവർമാർക്കിടയിൽ ട്രാഫിക് അവബോധം വളർത്താനും പ്രധാന റോഡുകളിലും പാർപ്പിട പ്രദേശങ്ങളിലും ട്രക്കുകളുടെ പാർക്കിങ് ഒഴിവാക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
75,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന വിശ്രമകേന്ദ്രങ്ങൾക്ക് 5,000ത്തിലധികം ട്രക്കുകളും ഹെവി വാഹനങ്ങളും ഉൾക്കൊള്ളാനുള്ള പ്രവർത്തനശേഷിയുണ്ട്. ആകെ 700 പാർക്കിങ് സ്ലോട്ടുകളുണ്ടാകും. ഓരോ വിശ്രമകേന്ദ്രവും 5,000 മുതൽ 10,000 ചതുരശ്ര മീറ്റർ വരെ വ്യാപിച്ചുകിടക്കുന്നതാണ്. ഇവിടങ്ങളിൽ 30 മുതൽ 45 വരെ ട്രക്കുകളും ഹെവി വാഹനങ്ങളും ഉൾക്കൊള്ളാൻ ശേഷിയുമുണ്ട്. ട്രക്കുകൾക്ക് ചില സമയങ്ങളിൽ റോഡുകളിൽ പ്രവേശനം വിലക്കാറുണ്ട്. ഈ സമയങ്ങളിൽ പാർക്ക് ചെയ്യാനും വിശ്രമിക്കാനുമുള്ള സൗകര്യമാണ് അധികൃതർ ഉറപ്പുവരുത്തിയിട്ടുള്ളത്.