പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം ; സ്ഥിതിഗതികൾ വിലയിരുത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
പശ്ചിമേഷ്യൻ മേഖലയിലെ സവിശേഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിവിധ രാഷ്ട്ര നേതാക്കളുമായി സംസാരിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി, ജോർദൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ എന്നിവരുമായാണ് സംസാരിച്ചത്.
ഫോണിൽ വിളിച്ച് നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്ത നേതാക്കൾ, പരസ്പര സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. അതോടൊപ്പം, ആറുമാസമായി തുടരുന്ന ഗാസയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനും വെടിനിർത്തൽ സാധ്യമാക്കാനും നേതാക്കൾ ആവശ്യപ്പെട്ടു.
മേഖലയിൽ ശാശ്വതവും സമഗ്രവുമായ സമാധാനം കൈവരിക്കുന്ന പലസ്തീൻ പ്രശ്നത്തിന് അന്തിമ പരിഹാരം ആവശ്യമാണെന്നും വ്യക്തമാക്കി. മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയാനും മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നത് സംബന്ധിച്ചും രാഷ്ട്രത്തലവന്മാർ ചർച്ച നടത്തിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.