തൊഴിലിടങ്ങളിലെ പരാതി ; വീഡിയോ കോൾ വഴിയും പരാതി സമർപ്പിക്കാൻ സംവിധാനവുമായി യുഎഇ
തൊഴിലിടങ്ങളിലെ പരാതികൾ സമർപ്പിക്കാൻ വിഡിയോ കാൾ സംവിധാനമൊരുക്കി യു.എ.ഇ മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം. മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷനിൽ ഇതിനായുള്ള സൗകര്യം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
തൊഴിലാളികൾക്കും തൊഴിൽ ദാതാക്കൾക്കും മന്ത്രാലയത്തിന്റെ സേവനങ്ങളെക്കുറിച്ച് അറിയാനും ആവശ്യമായ സഹായം തേടാനും വിഡിയോ കാൾ സംവിധാനം ഉപയോഗപ്പെടുത്താം. അതേസമയം, 600590000 എന്ന നിലവിലുള്ള വാട്സ്ആപ് ഹോട്ട്ലൈൻ നമ്പറിലെ സേവനം അതേപടി തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
എല്ലാ ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന രീതിയിലാണ് പുതിയ സേവനം രൂപകൽപന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകുന്നതിനൊപ്പം ദ്രുതഗതിയിൽ പ്രതികരിക്കാനും വിഡിയോകാൾ സംവിധാനത്തിലൂടെ സാധിക്കുമെന്ന് കസ്റ്റമർ റിലേഷൻസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഹുസൈൻ അൽ അലിലി പറഞ്ഞു.
തൊഴിൽ വിപണിയിലെ നിയന്ത്രണങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിവാസികൾക്ക് അവരുടെ ചോദ്യങ്ങൾക്ക് വിശ്വസനീയമായ ഉത്തരങ്ങൾ നൽകുകയുമാണ് ലക്ഷ്യം. ഔദ്യോഗിക പ്രവൃത്തി സമയങ്ങളിലെല്ലാം പുതിയ സേവനം ലഭ്യമാകും.
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ മൂന്നു മണിവരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെയുമായിരിക്കും സേവനം ലഭ്യമാവുക. അതേസമയം, ആഴ്ചയിൽ എല്ലാ ദിവസവും 600590000 എന്ന കാൾ സെന്റർ നമ്പർ പ്രവർത്തിക്കും. വിഡിയോ കാൾ സേവനം ലഭിക്കുന്നതിന് ആദ്യം മൊബൈലിൽ മൊഹ്രിയുടെ സ്മാർട്ട് ആപ് ഡൗൺലോഡ് ചെയ്യണം.
തുടർന്ന് ആദ്യം കാണുന്ന സ്ക്രീനിൽ താഴേ കാണുന്ന ‘സപോർട്ട്’ ബട്ടൻ ടാപ് ചെയ്താൽ ലഭ്യമായ സേവനങ്ങളുടെ പട്ടിക തെളിയും. ഇതിൽ നിന്ന് വീഡിയോ കാൾ എന്ന ഒപ്ഷൻ ക്ലിക്ക് ചെയ്ത് സേവനം ഉപയോഗപ്പെടുത്താം. 2023ൽ മൊഹ്രിയുടെ സർവിസ് ചാനലുകൾ വഴി അഞ്ചു കോടിയിലധികം അന്വേഷണങ്ങളാണ് റെക്കോഡ് ചെയ്യപ്പെട്ടത്.