പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധത ; അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഗാഫ് മരങ്ങൾ വച്ചുപിടിപ്പിച്ചു
പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധതയുടെ ഭാഗമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി എണ്ണായിരത്തിലേറെ ഗാഫ് മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ആരംഭിച്ച ‘പ്ലാന്റ് യു.എ.ഇ’ പദ്ധതിയുടെ ഭാഗമായാണ് നടപടി.
2024ൽ 8467 ഗാഫ് മരങ്ങളാണ് വെച്ചുപിടിപ്പിച്ചതെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. റണ്ണിങ് പാതകള്‍, സൈക്ലിങ് പാതകള്‍, ഹൈവേകള്‍ എന്നിവയുടെ അരികുകള്‍, വനങ്ങള്‍,വിവിധ പാര്‍ക്കുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാമാണ് ഗാഫ് മരങ്ങള്‍ വെച്ചുപിടിപ്പിച്ചത്.
ശാസ്ത്രീയമായി മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അവക്ക് വെള്ളവും വളവും നല്കി പരിപാലിക്കുകയും ചെയ്താണ് അബൂദബി സിറ്റി മുനിസിപ്പാലിറ്റി പരിസ്ഥിതി സംരക്ഷണത്തിന് പിന്തുണ നല്‍കുന്നത്.
മരുഭൂമികളില്‍ കാണപ്പെടുന്ന ഗാഫ് മരങ്ങള്‍ ചുരുങ്ങിയ കാലംകൊണ്ടുതന്നെ വളര്‍ച്ച പ്രാപിക്കുന്നതാണ്. യു.എ.ഇയിലെ കണ്ടല്‍ക്കാടിന്റെയും മറ്റ് ആവാസവ്യവസ്ഥകളുടെയും സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനും നിര്‍മിതബുദ്ധി സാങ്കേതികവിദ്യ പദ്ധതിയായ ‘നബാത്തി’നും നേരത്തെ തുടക്കം കുറിച്ചിരുന്നു.
അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൂതന സാങ്കേതിവിദ്യാ ഗവേഷണ കൗണ്‍സിലിന്റെ (എ.ടി.ആര്.സി) സ്ഥാപനമായ വെഞ്ച്വര്‍ വണ്‍ ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. എ.ടി.ആര്.സിയുടെ കീഴിലുള്ള ടെക്നോളജി ഇന്നവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ‘നബാത്തി’ന് വേണ്ടി സാങ്കേതികവിദ്യ വികസിപ്പിച്ചത്.