മഴയ്ക്ക് പിന്നാലെ യുഎഇയിൽ തണുപ്പ് കൂടി; കഴിഞ്ഞ ദിവസം ജബൽ ജൈസിൽ രേഖപ്പെടുത്തിയത് 4.2 ഡിഗ്രി സെൽഷ്യസ് താപനില
കഴിഞ്ഞ ദിവസത്തെ മഴക്കു പിന്നാലെ യു.എ.ഇയിൽ താപനില കുറഞ്ഞ് തണുപ്പേറി. ശനിയാഴ്ച രാവിലെ അഞ്ചിന് റാസൽഖൈമയിലെ ജബൽ ജെയ്സിൽ രേഖപ്പെടുത്തിയ 4.2 ഡിഗ്രി സെൽഷ്യസ്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ്. നേരത്തെ ജനുവരി ആദ്യത്തിൽ അൽഐനിലെ റക്നയിൽ രേഖപ്പെടുത്തിയ 5.3 ഡിഗ്രി സെൽഷ്യസിന്റെ റെക്കോഡാണ് കഴിഞ്ഞ ദിവസം ഭേദിച്ചത്.
വെള്ളിയാഴ്ച മുതൽ രാജ്യത്ത് പലഭാഗത്തും മിന്നലോടുകൂടിയ മഴ ലഭിക്കുന്നുണ്ട്. അജ്മാൻ ഒഴികെ ആറു എമിറേറ്റിലാണ് മിന്നലോടുകൂടിയ മഴ രേഖപ്പെടുത്തിയത്. അതോടൊപ്പം മിക്ക പ്രദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷമാണ് നിലവിലുള്ളത്. തിങ്കളാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
ശനിയാഴ്ച ജബൽ മബ്രിഹിൽ ആറു ഡിഗ്രിയും ജബൽ അൽ റഹ്ബയിൽ 6.2 ഡിഗ്രിയും ജബൽ അൽ ഹഫീതിൽ 9.5 ഡിഗ്രിയും ജബൽ അൽ ഹിബനിൽ 10 ഡിഗ്രയുമാണ് താപനില രേഖപ്പെടുത്തിയത്. ജബൽ ജൈസ് കഴിഞ്ഞാൽ ഇവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും തണുപ്പുള്ളത്.
അതേസമയം, ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് കൽബയിലാണ്. 24.9 ഡിഗ്രിയാണ് ഇവിടെ താപനില. ദുബ്ന, ഉമ്മുഅസിമുൽ, ഫുജൈറ, ഗസ്യൂറ എന്നിവിടങ്ങളിലാണ് കൂടുതൽ താപനില രേഖപ്പെടുത്തിയ മറ്റു സ്ഥലങ്ങൾ. അബൂദബി, ദുബൈ, ഷാർജ, ഫുജൈറ, ഉമ്മുൽ ഖുവൈൻ അടക്കം എല്ലാ എമിറേറ്റുകളിലും തണുപ്പേറിയിട്ടുണ്ട്.
ഈ സീസണിലെ തണുപ്പുകാലം ഡിസംബർ 21 മുതൽ ആരംഭിച്ചതായാണ് വിദഗ്ധർ വിശദീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ തണുപ്പ് ശക്തമല്ലെന്ന് നേരത്തെ വിലയിരുത്തിയിരുന്നു.
ഡിസംബറിലെ ശരാശരി താപനില മുൻ വർഷത്തെ ഡിസംബറിലേതിനേക്കാൾ കൂടുതലാണ്. തണുപ്പ് ശക്തമായതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ക്യാമ്പിങ് നടത്തുന്നവരുടെയും സന്ദർശിക്കുന്നവരുടെയും എണ്ണം വർധിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെ സ്വാഗതംചെയ്തുകൊണ്ട് നാലാമത് ശൈത്യകാല കാമ്പയിന് തുടക്കമായിട്ടുണ്ട്. ‘ലോകത്തെ ഏറ്റവും മികച്ച ശൈത്യകാലം’എന്ന തലക്കെട്ടിലാണിത് നടത്തപ്പെടുന്നത്.
ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും വിദേശസഞ്ചാരികളെ രാജ്യത്തെ മനോഹരമായ തണുപ്പുകാലം ആസ്വദിക്കാൻ സ്വാഗതം ചെയ്യുകയുമാണ് ലക്ഷ്യം. കഴിഞ്ഞ മൂന്നു തണുപ്പുകാല കാമ്പയിൻ സീസണുകളിലായി സഞ്ചാരികളുടെ എണ്ണം 14 ലക്ഷമായി ഉയരുകയും ചെയ്തിരുന്നു.