ഫുജൈറയിൽ കുട്ടികളുടെ പുസ്തകോത്സവം പ്രഖ്യാപിച്ചു
ഷാർജ പുസ്തകോത്സവത്തിന്റെ രൂപത്തിൽ ഫുജൈറയിലും രാജ്യാന്തര തലത്തിൽ കുട്ടികളുടെ പുസ്തകോത്സവം പ്രഖ്യാപിച്ചു. ഒക്ടോബർ 13 മുതൽ 19 വരെ അൽ ബൈത്ത് മിത്വാഹിദ് ഹാളിലാണ് ചിൽഡ്രൻ ബുക്ക് ഫെയർ സംഘടിപ്പിക്കുകയെന്ന് ഫുജൈറ കൾചർ ആൻഡ് മീഡിയ അതോറിറ്റി (എഫ്.സി.എം.എ) അറിയിച്ചു. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ രക്ഷാകർതൃത്വത്തിന് കീഴിലായിരിക്കും മേള സംഘടിപ്പിക്കുന്നത്. യു.എ.ഇക്കകത്തും പുറത്തുമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്കാരിക, കലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഫുജൈറ കിരീടാവകാശിയുടെ ഓഫിസ്, ഫുജൈറ കൾചർ ആൻഡ് മീഡിയ അതോറിറ്റി എന്നിവരാണ് സംഘാടകർ.
എമിറേറ്റിന്റെ സാഹിത്യചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ഫുജൈറ കൾചർ ആൻഡ് മീഡിയ അതോറിറ്റി ഡയറക്ടർ ജനറൽ നാസർ മുഹമ്മദ് അൽ യമാചി പറഞ്ഞു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് കുട്ടികളുടെ പുസ്തകമേള ഒരുങ്ങുന്നതെന്നും അധികൃതർ അറിയിച്ചു. കുട്ടികളുടെ സാഹിത്യപരമായ അറിവുകളും അനുഭവങ്ങളും വികസിപ്പിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണ് ബുക്ക് ഫെയറിലൂടെ ലക്ഷ്യമിടുന്നത്.
കൂടാതെ, സാങ്കേതികവിദ്യകളുടെ മുന്നേറ്റം ഏത് രീതിയിലാണ് സാഹിത്യമണ്ഡലങ്ങളെ മാറ്റിമറിക്കുന്നതെന്ന് കുട്ടികൾക്ക് മനസ്സിലാക്കാനും ഇത് വഴിയൊരുക്കും. അതിവേഗം വളരുന്ന സാങ്കേതികവിദ്യകൾക്കൊപ്പം കഥപറച്ചിലും സാഹിത്യവും വികസിച്ചുകൊണ്ടിരിക്കുകയാണ്. നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കുട്ടികൾക്ക് വൈവിധ്യമാർന്ന സാഹിത്യരൂപങ്ങൾ പര്യവേക്ഷണം ചെയ്യാനും ലോകത്തെ കുറിച്ച അറിവ് വികസിപ്പിക്കാനും ഭാവനകളെ ഉത്തേജിപ്പിക്കാനും അവസരമൊരുക്കുകയാണ് ലക്ഷ്യം. ഭാവന, സാഹസികത, ക്രിയാത്മകത, ഭാവി എന്നീ നാല് തീമാറ്റിക് സോണുകളിലായി യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഈജിപ്ത്, ജോർഡൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രസാധകർ പുസ്തകങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ, 43 സാഹിത്യപരിപാടികൾ, 34 ശിൽപശാലകൾ, രചയിതാക്കളുമായുള്ള സംഭാഷണങ്ങൾ ഉൾക്കൊള്ളുന്ന 10ലധികം സെഷനുകൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും.