സൺ റൂഫിലൂടെ തല പുറത്തിട്ടാൽ കടുത്ത പിഴ; കഴിഞ്ഞ വർഷം പിടികൂടിയത് 707 വാഹനങ്ങൾ
ഓടുന്ന കാറിന്റെ സൺ റൂഫിലൂടെ കുട്ടികൾ തല പുറത്തിടുന്നതും ഡോറിലിരുന്ന് യാത്രചെയ്യുന്നതും വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നതായി ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ ട്രാഫിക് നിയമ ലംഘനമാണ്. ഡ്രൈവിങ്ങിനിടെ അഭ്യാസപ്രകടനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 1,183 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 707 വാഹനങ്ങൾ പിടികൂടുകയും ചെയ്തു. പ്രതികൾക്കെതിരെ 2000 ദിർഹം പിഴയും ലൈസൻസിൽ 23 ബ്ലാക് പോയന്റുമാണ് ശിക്ഷ.
القيادة العامة لـ #شرطة_دبي تدعو إلى توخي الحيطة والحذر أثناء القيادة، مُحذرة السائقين من تعريض حياتهم أو حياة الآخرين أو سلامتهم أو أمنهم للخطر. pic.twitter.com/y6T6MvEebN
— Dubai Policeشرطة دبي (@DubaiPoliceHQ) February 9, 2024
കൂടാതെ കുറ്റകൃത്യങ്ങളിൽ അകപ്പെട്ട വാഹനം 60 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. 50,000 ദിർഹം അടച്ചാൽ മാത്രമേ വാഹനം തിരികെ വിട്ടുനൽകൂ. റോഡിൽ അഭ്യാസപ്രകടനം നടത്തുന്ന വ്യക്തികൾക്ക് മാത്രമല്ല, മറ്റു വാഹന യാത്രക്കാർക്കും ഭീഷണിയുയർത്തുന്നതാണെന്ന് ദുബൈ പൊലീസിന്റെ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ജനറൽ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. ഡോറിൽ ഇരിക്കുന്നതും സൺറൂഫിൽ നിന്ന് യാത്രചെയ്യുന്നതും ഗുരുതര അപകടത്തിനും വാഹനം ബ്രേക് ചെയ്യുമ്പോൾ പെട്ടെന്നുള്ള വീഴ്ചയിലേക്കും നയിക്കും. പിറകിൽ വരുന്ന വാഹനങ്ങൾക്കും ഇത് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡിൽ അപകടം കുറക്കുന്നതിന് ജനങ്ങളും പൊലീസും ചേർന്നുള്ള പരസ്പര ഉത്തരവാദിത്ത കൈമാറ്റമാണ്.
ട്രാഫിക് നിയമങ്ങൾ ലംഘിച്ചതുമൂലമുണ്ടാകുന്ന അപകടങ്ങളിൽ പലതും കൂട്ടായ ഉത്തരവാദിത്തത്തിലൂടെ ഇല്ലാതാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ അബൂദബി പൊലീസും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.