യുഎഇയിൽ സാമ്പത്തിക വളർച്ചയിൽ കുതിപ്പ് പ്രവചിച്ച് സെൻട്രൽ ബാങ്ക്
അടുത്ത വർഷം രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 5.2 ശതമാനം വളർച്ച നേടുമെന്ന് പ്രവചിച്ച് സെൻട്രൽ ബാങ്ക്. ഹൈഡ്രോകാർബൺ ഉൽപന്നങ്ങളുടെ വളർച്ച 6.2 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഈ വളർച്ച ജി.ഡി.പിയിലും പ്രതിഫലിക്കുമെന്നാണ് സെൻട്രൽ ബാങ്കിന്റെ കണക്കുകൂട്ടൽ.
അതേസമയം, നടപ്പുസാമ്പത്തിക വർഷത്തെ ജി.ഡി.പി വളർച്ച നേരത്തെ പ്രവചിച്ചതിൽ നിന്നും താഴേക്ക് പോകുമെന്ന സൂചനയും ബാങ്ക് നൽകുന്നുണ്ട്. നേരത്തെ 5.7 ശതമാനം വളർച്ച നേടുമെന്നായിരുന്നു പ്രവചനം.
ഇത് 4.2 ശതമാനമായി കുറയും. 2023 നവംബറിൽ ഒപെക് കരാറിനെ തുടർന്ന് എണ്ണ ഉൽപാദന രംഗത്തെ വളർച്ചയുടെ വേഗം കുറഞ്ഞതാണ് തിരിച്ചടിയായത്. 2024ലെ ജി.ഡി.പി വളർച്ച അനുമാനം 4.3 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി സെൻട്രൽ ബാങ്ക് കഴിഞ്ഞ ഡിസംബറിൽ ഉയർത്തിയിരുന്നു. എണ്ണ ഉൽപാദന മേഖലയിലെ ജി.ഡി.പി 8.1 ശതമാനം വളർച്ച കൈവരിച്ചതിന്റെ പിൻബലത്തിലായിരുന്നു ഇത്.
എന്നാൽ, പ്രതീക്ഷിച്ച വളർച്ച ഈ മേഖലയിൽ ഇല്ലാതായതോടെയാണ് വളർച്ച അനുമാനം സെൻട്രൽ ബാങ്ക് പുനർനിശ്ചയിച്ചത്.