വേനൽകാലത്തുണ്ടാകുന്ന വാഹനാപകടങ്ങൾ ; ബോധവത്കരണം ശക്തമാക്കി ദുബൈ പൊലീസ്
വേനൽക്കാലത്ത് വാഹനാപകടങ്ങൾ കുറക്കുന്നതിന് ബോധവത്കരണം ശക്തമാക്കി ദുബൈ പൊലീസ്. ആഭ്യന്തര മന്ത്രാലയം സെപ്റ്റംബർ ഒന്നുവരെ സംഘടിപ്പിക്കുന്ന ‘അപകടങ്ങളില്ലാത്ത വേനൽ’ എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് പൊലീസ് പദ്ധതി നടപ്പാക്കുന്നത്.
ദുബൈയിലെ റോഡുകൾ കൂടുതൽ സുരക്ഷിതവും ഗതാഗതം അപകടരഹിതവുമാക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവർമാരോട് സുരക്ഷ മാനദണ്ഡങ്ങളും നിർദേശങ്ങളും പാലിക്കാൻ ആവശ്യപ്പെടുന്നതെന്ന് പത്രസമ്മേളനത്തിൽ അധികൃതർ പറഞ്ഞു. സർക്കാർ, സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ അപകടങ്ങളും അവ മൂലമുണ്ടാകുന്ന മരണവും പരിക്കും രാജ്യത്താകമാനം കുറച്ചുകൊണ്ടുവരുകയാണ് ക്യാമ്പയിൻ വഴി ലക്ഷ്യമിടുന്നതെന്ന് ദുബൈ പൊലീസ് അസി. കമാൻഡന്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈഥി പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ വേനൽക്കാലത്തുണ്ടായ അപകടങ്ങളുടെ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു.
ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെയുള്ള മൂന്നു മാസത്തിൽ കഴിഞ്ഞ വർഷം 30 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 45 പേർക്ക് ഗുരുതര പരിക്കും 308 പേർക്ക് ഇടത്തരം പരിക്കും 283 പേർക്ക് ചെറിയ പരിക്കും പറ്റി. 2022നെ അപേക്ഷിച്ച് മരണ നിരക്ക് കഴിഞ്ഞ വർഷം കുറവായിരുന്നു. 2022ൽ 36 പേരാണ് മരിച്ചത്. ഇതേ വർഷം 664 പേർക്ക് പരിക്കേറ്റു. അവയിൽ 35 പേർക്ക് ഗുരുതര പരിക്കാണ് സംഭവിച്ചത്. 2021ൽ 26 മരണങ്ങളാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്.
എല്ലാ ഡ്രൈവർമാരും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് വാർത്ത സമ്മേളനത്തിൽ സംസാരിച്ച റാസൽഖൈമ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ ബ്രി. അഹമ്മദ് അസ്ലം അൽ നഖ്ബി പറഞ്ഞു. വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കുക, ടയറുകൾ അടക്കമുള്ളവ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തുക എന്നിവ ശ്രദ്ധിക്കണമെന്നും മികച്ച ഗുണനിലവാരമുള്ള ടയറുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈറ്റർ, പെർഫ്യൂമുകൾ, ബാറ്ററികൾ, പവർ ബാങ്കുകൾ, ഹാൻഡ് സാനിറ്റെസറുകൾ, ഗ്യാസ് സിലിണ്ടറുകൾ എന്നിവ വാഹനത്തിൽ സൂക്ഷിക്കരുതെന്നും അധികൃതർ നിർദേശിച്ചു.