നവംബർ 3ന് യുഎഇയിൽ പതാകദിനം ആചരിക്കാൻ ആഹ്വാനം
നവംബർ മൂന്ന് വെള്ളിയാഴ്ച രാജ്യത്താകെ പതാകദിനം ആചരിക്കാൻ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ ആഹ്വാനം. സമൂഹ മാധ്യമമായ എക്സ് വഴിയാണ് രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളോടും സർക്കാർ വകുപ്പുകളോടും സ്ഥാപനങ്ങളോടും പതാക ഉയർത്തുന്നതിന് ആവശ്യപ്പെട്ടത്. നവംബർ മൂന്നിന് രാവിലെ 10ന് രാജ്യത്താകമാനം ഒരുമിച്ച് പതാക ഉയർത്താനാണ് നിർദേശിച്ചിരിക്കുന്നത്.
11മത് വർഷമാണ് രാജ്യം പതാകദിനം ആചരിക്കുന്നത്. ഈ ദിവസം പൊതു അവധി ദിവസമല്ല. എന്നാൽ, ഓഫീസുകളിലും സ്കൂളുകളിലും പാർക്കുകളിലും മറ്റു സ്ഥലങ്ങളിലുമെല്ലാം സ്വദേശികളും വിദേശികളും ഒരുമിച്ചു ചേർന്ന് പതാക ഉയർത്തുന്നതാണ് രീതി.
രാജ്യത്തിന്റെ ഐക്യത്തിന്റെയും നേട്ടങ്ങളുടെയും ആഘോഷമാണ് പതാകദിനത്തിലെന്നും ഈ പദ്ധതിയിൽ എല്ലാ ജനങ്ങളും ഭാഗവാക്കാകണമെന്നും ശൈഖ് മുഹമ്മദ് എക്സിലൂടെ ആവശ്യപ്പെട്ടു. 2013ലാണ് ആദ്യമായി യു.എ.ഇയുടെ പതാകദിനം നവംബർ മൂന്നിന് ആചരിക്കുന്നത്. പച്ച, വെളുപ്പ്, കറുപ്പ്, ചുവപ്പ് നിറങ്ങളിലുള്ള യു.എ.ഇയുടെ പതാക, പ്രതീക്ഷയെയും സമാധാനത്തെയും കരുത്തിനെയും ധീരതയെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.