അൽ ഷിന്ദഗ ഇടനാഴി വിപുലീകരണം പുരോഗമിക്കുന്നു ; നിർമാണ പ്രവർത്തനം 45 ശതമാനം പൂർത്തിയായി
ദുബൈ നഗരത്തിലെ ഗതാഗത മേഖലയിൽ നടപ്പിലാക്കുന്ന വൻ വികസന പദ്ധതിയായ അൽ ഷിന്ദഗ ഇടനാഴി വിപുലീകരണ പദ്ധതിയുടെ നാലാംഘട്ടം നിർമാണം 45 ശതമാനം പിന്നിട്ടു. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യാണ് പദ്ധതി അതിവേഗം പുരോഗമിക്കുന്നത് സംബന്ധിച്ച് വെളിപ്പെടുത്തിയത്. നാലാംഘട്ട പദ്ധതിയിൽ നൽകിയ ആദ്യ കരാറിന്റെ ഭാഗമായ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. പദ്ധതിയിൽ മൂന്ന് പാലങ്ങളും ഉൾപ്പെടും.
ശൈഖ് റാശിദ് റോഡിന്റെ കവല മുതൽ അൽ മിന സ്ട്രീറ്റിലെ ഫാൽക്കൺ ഇന്റർസെക്ഷൻ വരെ 4.8 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് നാലാം ഘട്ട വികസന പദ്ധതി. എല്ലാ ദിശകളിലുമായി മണിക്കൂറിൽ 19,400 വാഹനങ്ങൾ ഉൾകൊള്ളാൻ ശേഷിയുള്ള 3.1 കി.മീറ്റർ നീളമുള്ള മൂന്ന് പാലങ്ങളുടെ നിർമാണമാണ് ഇതിൽ പ്രധാനമായുള്ളത്. ശൈഖ് റാശിദ് റോഡിനും ഫാൽക്കൺ ഇന്റർസെക്ഷനും ഇടയിലുള്ള ഗതാഗതം സുഗമമാക്കുന്നതിന് ഓരോ ദിശയിലും 3 വരികളുള്ള 1,335 മീറ്റർ നീളമുള്ള പാലം, ഫാൽക്കൺ ഇൻറർസെക്ഷനിൽ നിന്ന് അൽ വസ്ൽ റോഡിലേക്ക് പോകുന്ന ഗതാഗതത്തിനായി 3 വരികളുള്ള 780 മീറ്റർ നീളമുള്ള പാലം, ഫാൽക്കൺ ഇന്റർസെക്ഷന്റെ ദിശയിൽ ജുമൈറ സ്ട്രീറ്റിൽ നിന്ന് അൽ മിന സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തിന് രണ്ട് വരികളുള്ള 985 മീറ്റർ നീളമുള്ള പാലം എന്നിവയാണ് നിർമാണത്തിലുള്ള പാലങ്ങൾ. ജുമൈറ, അൽ മിന, ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റുകളിൽ 4.8 കി.മീറ്റർ ഉപരിതല റോഡുകൾ, ശൈഖ് റാശിദ് റോഡിലും അൽ മിന സ്ട്രീറ്റിലും രണ്ട് കാൽനട പാലങ്ങൾ എന്നിവയും പദ്ധതിയിൽ അടങ്ങിയിരിക്കുന്നു.
ആർ.ടി.എ നിലവിൽ നടപ്പിലാക്കി വരുന്ന ഏറ്റവും വലിയ റോഡ് വികസന പദ്ധതികളിലൊന്നാണ് അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതി. 10 ലക്ഷം പേർക്ക് ഗുണകരമാണ് പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. 2030ഓടെ മേഖലയിലെ യാത്രാ സമയം 104 മിനുറ്റ് മുതൽ 16 മിനിറ്റ് വരെ കുറക്കാൻ പദ്ധതി സഹായിക്കും. 13 കി.മീറ്ററിൽ ദൈർഘ്യത്തിൽ 15 കവലകളുടെ വികസനം ഉൾപ്പെടുന്ന പദ്ധതി, അഞ്ച് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഇത് ദേര, ബർ ദുബൈ എന്നിവക്കും ദുബൈ ഐലൻഡ്സ്, ദുബൈ വാട്ടർഫ്രണ്ട്, ദുബൈ മാരിടൈം സിറ്റി, മിന റാശിദ് തുടങ്ങിയ മറ്റ് വികസന പദ്ധതികൾക്കും സൗകര്യമൊരുക്കുന്നതാണ്.