ഇലക്ട്രിക് മീഡിയ ബൈക്കുമായി അജ്മാൻ പൊലീസ്
നൂതന സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് മീഡിയ ബൈക്കുമായി അജ്മാന് പൊലീസ്. പൊലീസ് സംവിധാനത്തിന്റെ മീഡിയ കവറേജിന് മുതല്‍ക്കൂട്ടായി ഇനി ഇലക്ട്രിക് ബൈക്കുകളും അജ്മാനില്‍ കാണാം. ആവശ്യമായ പ്രദേശങ്ങളില്‍ എളുപ്പത്തില്‍ ചെന്നെത്താനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് അജ്മാന് പൊലീസ് തങ്ങളുടെ മീഡിയ ടീമില്‍ ഇലക്ട്രിക് ബൈക്ക് സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നൂതന സംവിധാനങ്ങളോടെയുള്ള അത്യാധുനിക ക്യാമറകള്‍ ഘടിപ്പിച്ച ഇലക്ട്രിക് സൈക്കിള്‍ അജ്മാന് പൊലീസ് മീഡിയ സെല്ലിന് ആവശ്യമായ ദൃശ്യങ്ങളും ചിത്രങ്ങളും മികവോടെ പകര്‍ത്തും. സൈക്കിളിന്റെ പിറക് വശത്ത് ഘടിപ്പിച്ചിരിക്കുന്ന ക്യാമറയുടെ നിയന്ത്രണം മുന്‍വശത്തെ കൈപ്പിടിയിലാണ് ഒരുക്കിയിരിക്കുന്നത്. മീഡിയ ബൈക്കിൽ ആധുനികവും നൂതനവുമായ ഫോട്ടോഗ്രാഫി ഉപകരണങ്ങൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
സൈക്കിൾ ഓടിക്കുമ്പോൾ തന്നെ ഫോട്ടോഗ്രാഫി നിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിച്ച് ഓപ്പറേറ്റിങ് റൂമിനും സോഷ്യൽ മീഡിയക്കുമുള്ള തത്സമയ സംപ്രേക്ഷണത്തിനും കഴിയും. ഒരു വട്ടം ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റർ ദൂരം സഞ്ചരിക്കാം. ഏത് തരം റോഡുകളിലും സുഗമമായി ഈ വാഹനം ഉപയോഗിക്കാനും കഴിയും. ക്യാമറ ആവശ്യാനുസരണം പ്രവര്‍ത്തിപ്പിക്കാനും വിവിധ മേഖലകളിലേക്ക് തിരിക്കാനും തുടങ്ങി നിരവധി ക്രമീകരണങ്ങള്‍ ഈ സംവിധാനത്തില്‍ ഒരുക്കിയിട്ടുണ്ട്.
യു.എ.ഇയുടെ ദേശീയ ദിനത്തിന്റെ ഭാഗമായി അജ്മാനില്‍ പൊലീസ് സേനയുടെ വിവിധ വിഭാഗങ്ങള്‍ നടത്തിയ പരേഡിലും ഇലക്ട്രിക്ക് ബൈക്ക് പ്രത്യേക ശ്രദ്ധ നേടിയിരുന്നു. പൊലീസ് സേനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടക്കമുള്ളയുടെ വിവിധ വിവരണങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുക എന്നതാണ് പ്രത്യേകമായ ലൈറ്റുകളോടെ അലങ്കരിച്ച ഈ ഇലക്ട്രിക് ബൈക്കിലൂടെ ലക്ഷ്യമിടുന്നത്.