എ ഐ ക്യാമ്പസ് തുറന്ന് ദുബൈ ; പ്രതീക്ഷിക്കുന്നത് 500 ടെക് കമ്പനികളെ
നിർമിത ബുദ്ധി (എ.ഐ), സാങ്കേതികവിദ്യ നിർമാണ കമ്പനികൾക്കായി ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിൽ (ഡി.ഐ.എഫ്.സി) ആരംഭിച്ച ദുബൈ എ.ഐ കാമ്പസിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച ക്യാമ്പസിൽ നടന്ന ചടങ്ങിൽ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഉദ്ഘാടനം നിർവഹിച്ചത്. മിഡിൽ ഈസ്റ്റിലേയും വടക്കേ ആഫ്രിക്കയിലേയും ഏറ്റവും വലിയ ഐ.ടി ഹബ്ബാണിത്. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകളുടെ നിർമാണം ത്വരിതപ്പെടുത്താനുള്ള ദുബൈയുടെ വാർഷിക പദ്ധതിയുടെ ഭാഗമായാണ് പുതിയ കേന്ദ്രത്തിന്റെ നിർമാണം.
എ.ഐ അൽഗോരിതങ്ങൾ പരിശീലിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പുകൾക്ക് സൂപ്പർ കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കൂടാതെ അടുത്ത തലമുറയിലെ എ.ഐ കമ്പനികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്തുണ നൽകുന്ന നിയമനിർമാണം നടത്തുകയും ചെയ്യുമെന്ന് ഉദ്ഘാടന ശേഷം ശൈഖ് ഹംദാൻ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. പുതിയ ഐ.ടി ഹബ്ബിലൂടെ ലോകത്താകമാനമുള്ള 500ലധികം കമ്പനികളെ ആകർഷിക്കുകയാണ് ദുബൈയുടെ ലക്ഷ്യം.
ഇതുവഴി 3000 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടും. 2028ഓടെ ക്യാമ്പസിന്റെ വലുപ്പം ഒരു ലക്ഷം ചതുരശ്ര അടിയായി വിപുലപ്പെടുത്തും. അതോടൊപ്പം ഐ.ടി മേഖലയിലെ പ്രമുഖ കമ്പനികളുമായി ആഗോള തലത്തിൽ സഹകരണം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. പത്തു വർഷത്തിനുള്ളിൽ ദുബൈയുടെ സമ്പദ്വ്യവസ്ഥയിലേക്ക് ഡിജിറ്റൽ പരിവർത്തന പദ്ധതികളിൽ നിന്നുള്ള സംഭാവന 10,000 കോടി ദിർഹമാക്കി മാറ്റുകയെന്ന ദുബൈ സാമ്പത്തിക അജണ്ട 33യുമായി ചേർന്നുനിൽക്കുന്നതാണ് പുതിയ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.