ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്
മൊബൈൽ ഫോണുകളിലൂടെ നടത്തുന്ന പുതിയ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകാർ ഫോൺ കാളുകൾ, എസ് എം എസ് സന്ദേശങ്ങൾ എന്നിവയിലൂടെ നൽകുന്ന സർക്കാർ വകുപ്പുകളുടേതിനും, പ്രമുഖ കമ്പനികളുടേതിനും സമാനമായ രീതിയിൽ നിർമ്മിച്ചിട്ടുള്ള വ്യാജ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, ഇത്തരം വ്യാജ വെബ്‌സൈറ്റുകൾ സന്ദർശിക്കരുതെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എമിറേറ്റിലെ പ്രമുഖ റെസ്റ്ററന്റുകളുടെയും, വ്യാപാരശാലകളുടെയും പേരുകൾ ദുരുപയോഗം ചെയ്തു കൊണ്ട് നിർമ്മിച്ചിട്ടുള്ള വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ വെബ്‌സൈറ്റുകളിലൂടെ ലഭിക്കുന്ന പ്രത്യേക വിലക്കിഴിവുകൾ സംബന്ധിച്ച വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇത്തരം വ്യാജ വെബ്‌സൈറ്റുകളിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകുന്നവരുടെ സ്വകാര്യ വിവരങ്ങൾ ഇത്തരം തട്ടിപ്പ് സംഘങ്ങൾ ചോർത്തുന്നതായും, ഇത് ദുരുപയോഗം ചെയ്തുകൊണ്ട് ഇവരുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്നതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വളർത്തുമൃഗങ്ങളെ വിൽക്കാനുണ്ടെന്നുള്ള പരസ്യങ്ങളുടെ രൂപത്തിലും സമാനമായ തട്ടിപ്പുകൾ നടക്കുന്നതായും പോലീസ് അറിയിച്ചു.
ഒ ടി പി, എ ടി എം കാർഡ് നമ്പറുകൾ, സി വി വി നമ്പറുകൾ മുതലായ സ്വകാര്യ വിവരങ്ങൾ ആരുമായും പങ്ക് വെക്കരുതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ബാങ്ക് ജീവനക്കാർ ഇത്തരം വിവരങ്ങൾ ഉപഭോക്താക്കളിൽ നിന്ന് ആവശ്യപ്പെടാറില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇത്തരം തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ 8002626 എന്ന നമ്പറിലൂടെയോ, 2828 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ച് കൊണ്ടോ, അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയോ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.