ഇറാൻ പ്രസിഡന്റിന്റെ അപകട മരണം ; അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ്
ഹെലികോപ്ടർ അപകടത്തിൽ ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും അടക്കമുള്ളവർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. സമൂഹ മാധ്യമമായ എക്സിൽ കുറിച്ച അനുശോചന സന്ദേശത്തിൽ യു.എ.ഇ ഇറാന് ഐക്യദാർഢ്യം അറിയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മരിച്ചവർക്ക് വേണ്ടി പ്രാർഥിച്ച അദ്ദേഹം കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ഇറാൻ ജനതക്ക് അനുശോചനം അറിയിച്ചു.
പ്രയാസകരമായ ഈ ഘട്ടത്തിൽ അവർക്കൊപ്പം നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദും അനുശോചനമറിയിച്ച് എക്സ് അക്കൗണ്ടിൽ കുറിച്ചു. മരിച്ച വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിബിൻ യു.എ.ഇ-ഇറാൻ ബന്ധം ശക്തിപ്പെടുത്തുന്നതിൽ വഹിച്ച പങ്കും അദ്ദേഹം അനുസ്മരിച്ചു.