ലോകത്തിലെ ഏറ്റവും ചെറിയ നീർനായ്ക്കളെ വരവേറ്റ് അബുദാബി
ലോകത്തിലെ ഏറ്റവും ചെറിയ നീർനായ്ക്കളെ അബുദാബിയിൽ എത്തിച്ചു. അബൂദബി നാഷണല്‍ അക്വേറിയത്തിലാണ് ഏഷ്യന്‍ മലനീര്നായകളെ എത്തിച്ചത്. ലോകത്തിലെ ഏറ്റവും ചെറിയ നീര്നായ്ക്കളായ ഇവ പ്രിയങ്കരമായ പ്രകൃതംകൊണ്ട് അക്വേറിയത്തിലെത്തുന്ന അതിഥികളെ ആനന്ദിപ്പിക്കുമെന്നുറപ്പാണ്. എപ്പോഴും കൂട്ടത്തോടെ കാണുന്ന ഈ നീര്‍നായകള്‍ അവയുടെ മികച്ച ഇടപെടലുകളാല്‍ പ്രസിദ്ധി നേടിയവരാണ്.
ഏഷ്യന്‍ മലനീര്നായകളെ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ തങ്ങള്‍ ആകാംക്ഷാഭരിതരാണെന്നും ഇവ സന്ദര്‍ശകരെ ആകര്‍ഷിക്കുക മാത്രമല്ല മഴക്കാടുകളുടെ സംരക്ഷണത്തിന്റെ അംബാസഡര്‍മാര്‍ കൂടിയായി മാറുകയാണെന്നും നാഷണല്‍ അക്വേറിയം ജനറല്‍ മാനേജര്‍ പോള്‍ ഹാമില്ട്ടണ് പറഞ്ഞു. ഒട്ടേഴ്സ് ക്രീക്ക് എന്ന പേരിട്ട എക്സിബിഷനിലാവും ഈ നീര്‍നായകളെ അവതരിപ്പിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടിനാവും ഏഷ്യന്‍ നീര്‍നായയെ സന്ദര്‍ശകര്‍ക്കായി പരിചയപ്പെടുത്തുക. നീര്‍നായകളെ അടുത്തുകാണാനും ഇവയുമായി ഇടപഴകാനുമുള്ള അവസരവും അധികൃതര്‍ ഒരുക്കുമെന്നും ഹാമില്ട്ടന് പറഞ്ഞു.
പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ അക്വേറിയമാണ് അബൂദബി ഖോര്‍ അല്‍ മഖ്തയിലെ അല്‍ഖാനയില്‍ തയ്യാറാക്കിയിരിക്കുന്നത്. 10 വിഭാഗങ്ങളിലായി 330 ല്‍ അധികം ഇനങ്ങളില്‍ പെട്ട 46,000ത്തോളം ജീവികളാണ് 9,000 ചതുരശ്ര മീറ്ററില്‍ അധികം വലിപ്പമുള്ള ഈ അക്വേറിയത്തിലുള്ളത്. വന്‍ സ്രാവുകളും 14 വയസ്സുള്ള പെരുമ്പാമ്പുമൊക്കെ ഇവിടുത്തെ സവിശേഷ കാഴ്ചകളാണ്.
വിശാലമായ വാട്ടര്‍ ഫ്രണ്ടേജോട് കൂടിയ അക്വേറിയം കോംപ്ലക്സിനോട് അനുബന്ധിച്ച് വിഭവ സമൃദ്ധമായ ഭക്ഷണ വൈവിധ്യങ്ങള്‍ അടങ്ങിയ റെസ്റ്റോറന്റുകള്‍, കമ്മ്യൂണിറ്റി സ്പേസുകള്‍, സിനിമാശാലകള്‍, ഗെയിമിങ് സോണ്‍,വെര്‍ച്വല്‍ റിയാലിറ്റി പാര്‍ക്ക് തുടങ്ങിയവും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. 105 ദിര്‍ഹമാണ് അക്വേറിയത്തില്‍ പ്രവേശിക്കുന്നതിനുള്ള അടിസ്ഥാന ടിക്കറ്റ് വില. നാലു തരം ടിക്കറ്റുകളാണ് ഇവിടെ ലഭിക്കുക. 130, 150, 200 ദിര്‍ഹം എന്നിവയാണ് മറ്റ് ടിക്കറ്റുകളുടെ നിരക്ക്.