എ.ഐ അധിഷ്ഠിത സർക്കാരാകാൻ അബുദാബി ; ലോകത്ത് ഇതാദ്യം
2027ഓടെ ലോകത്തിലെ ആദ്യ സമ്പൂര്‍ണ എ.ഐ അധിഷ്ഠിത സര്ക്കാറാവാന് ഒരുങ്ങി അബൂദബി.രണ്ട് വർഷത്തിനുള്ളിൽ അബൂദബിയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും നിർമിത ബുദ്ധി (എ.ഐ) സാങ്കേതിക വിദ്യകൾ സമന്വയിപ്പിക്കും. സർക്കാർ ഓഫിസുകളിലെ പ്രവർത്തനങ്ങളില്ലൊം എ.ഐ സാങ്കേതിക വിദ്യകളും ക്ലൗഡ് കമ്പ്യൂട്ടിങ്ങും ഉപയോഗിക്കും.
സാങ്കേതികവിദ്യാ നയത്തിന്റെ ഭാഗമായാണ് അബൂദബി സുപ്രധാന പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്. അബൂദബി സര്‍ക്കാര്‍ ഡിജിറ്റല്‍ നയം 2025-2027 എന്ന ഈ പദ്ധതിക്കായി 1300 കോടി ദിര്‍ഹമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഡിപ്പാര്‍ട്മെന്റ് ഓഫ് ഗവണ്മെന്റ് എനേബിള്‍മെന്റ്-അബൂദബി (ഡി.ജി.ഇ)യാണ് വിവിധ പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി പ്രാവര്‍ത്തികമാക്കുക. സ്വദേശിവത്കരണ ശ്രമങ്ങളെ പിന്തുണക്കുന്ന പദ്ധതി 5000ത്തിലേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
അബൂദബിയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് 2400 കോടി ദിര്‍ഹമിലേറെ സംഭാവന നല്‍കാനും പദ്ധതി സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഏകീകൃത ഡിജിറ്റല്‍ എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിങ് (ഇ.ആര്.പി) പ്ലാറ്റ്ഫോമാണ് നടപടികള്‍ കാര്യക്ഷമമാക്കുകയും പ്രാദേശിക സര്‍ക്കാറിന്റെ കാര്യക്ഷമതയും ഉൽപാദനക്ഷമതയും വര്‍ധിപ്പിക്കുകയും ചെയ്യുക. എല്ലാ പദ്ധതികള്‍ക്കും എ.ഐ എന്ന പദ്ധതിയുടെ ഭാഗമായി അബൂദബി സര്‍ക്കാര്‍ പൗരന്മാരെ എ.ഐ ആപ്ലിക്കേഷനുകളില്‍ പരിശീലനം നല്‍കുന്നതിനായി നിക്ഷേപങ്ങള്‍ നടത്തും.
വിവിധ സര്‍ക്കാര്‍ സേവനങ്ങളിലായി ഇരുന്നൂറിലേറെ നൂതന എ.ഐ പരിഹാരങ്ങള്‍ നടപ്പാക്കും. ഇതിനൊപ്പം ഉയര്‍ന്ന സൈബര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി ഡിജിറ്റല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുകയും ചെയ്യും.