കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി 44 ദശലക്ഷം കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു
കാലാവസ്ഥ വ്യതിയാനം തടയുന്നതിനായി എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ 44 ദശലക്ഷം കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യം കൈവരിച്ചതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള യു എ ഇ നടപടികൾക്ക് അനുസൃതമായി 2020 മുതലുള്ള കാലയളവിലാണ് അബുദാബി 44 ദശലക്ഷം ദശലക്ഷം കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 23 ദശലക്ഷം കണ്ടൽ മരങ്ങളാണ് അബുദാബിയിൽ നട്ടുപിടിപ്പിച്ചത്.
Under the directives of Hamdan bin Zayed, 44 million mangrove trees have been planted in #AbuDhabi, with 23 million in the past two years by @EADTweets, @AbuDhabiDMT and @ADNOCGroup, and partners, as part of Abu Dhabi Mangrove Initiative, supporting UAE climate change efforts. pic.twitter.com/da6tM8yzqx
— مكتب أبوظبي الإعلامي (@ADMediaOffice) December 17, 2023
മുനിസിപ്പാലിറ്റി, ട്രാൻസ്പോർട്ട് വകുപ്പ്, അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) എന്നിവരുമായി ചേർന്നാണ് EAD കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 23 ദശലക്ഷം കണ്ടൽ മരങ്ങൾ വെച്ച് പിടിപ്പിച്ചത്. യു എ ഇ മിനിസ്ട്രി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിറോണ്മെന്റ് പ്രഖ്യാപിച്ച 2030-ഓടെ രാജ്യവ്യാപകമായി 100 ദശലക്ഷം കണ്ടൽച്ചെടികൾ വെച്ച് പിടിപ്പിക്കുന്നതിനുള്ള പദ്ധതി, അബുദാബി മാൻഗ്രോവ് ഇനീഷിയേറ്റിവ് എന്നിവയുടെ ഭാഗമായാണിത്.
കണ്ടൽ ചെടികൾ ഉൾപ്പെടുന്ന ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും, ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതിയിലൂടെ EAD ലക്ഷ്യമിടുന്നു. ഈ കണ്ടൽ മരങ്ങൾ മൂലം പ്രതിവർഷം ഏതാണ്ട് 233000 ടൺ കാർബൺ ബഹിർഗമനം തടയുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.