അബുദാബിയിൽ ബിൽഡിംഗ് പെർമിറ്റ് നടപടികൾ സുഗമമാക്കുന്നതിനായി എഐ സംവിധാനം
എമിറേറ്റിലെ ബിൽഡിംഗ് പെർമിറ്റുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി അബുദാബി കൃത്രിമബുദ്ധിയുടെ (AI) സഹായം ഉപയോഗിക്കുന്നു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് എഐ സംവിധാനങ്ങൾ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് പ്രവർത്തികമാക്കിയിട്ടുണ്ട്. AI ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (BIM), ഓട്ടോമേറ്റഡ് പ്ലാൻ റിവ്യൂ സിസ്റ്റം (APRS) സംവിധാനം, AI ബിൽഡിംഗ് പെർമിറ്റ്സ് വിർച്യൽ അസിസ്റ്റന്റ് ചാറ്റ്ബോട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
.@AbuDhabiDMT has launched two AI solutions to streamline building permit processes across Abu Dhabi. The AI-Enabled Building Information Modelling and Automated Plan Review System and the AI Building Permits Virtual Assistant Chatbot further support DMT’s digital transformation. pic.twitter.com/SVWqC9sxwx
— مكتب أبوظبي الإعلامي (@ADMediaOffice) April 22, 2024
ബിൽഡിംഗ് പെർമിറ്റ് അപേക്ഷകളുടെ സമർപ്പണം, പരിശോധന, അംഗീകാരം തുടങ്ങിയ നടപടികൾ കൂടുതൽ കാര്യക്ഷമവും, സൂക്ഷ്മവും ആക്കുന്നത് ലക്ഷ്യമിട്ടാണ് BIM/APRS സംവിധാനം ഒരുക്കിയിരിക്കുന്നത്. അതിനൂതനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന ഈ സംവിധാനം അബുദാബിയിലെ കെട്ടിടനിർമ്മാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വരുമെന്നാണ് കരുതുന്നത്. സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ അബുദാബി ബിൽഡിംഗ് കോഡ് പ്രകാരമുള്ള ചട്ടങ്ങളിൽ എതെങ്കിലും തരത്തിലുള്ള വീഴ്ചകളുണ്ടോ എന്ന് ഈ സംവിധാനത്തിന് സ്വയം പരിശോധിച്ച് കണ്ടെത്താവുന്നതാണ്. പെർമിറ്റ് അപേക്ഷകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ നല്കുന്നതിനായാണ് AI ബിൽഡിംഗ് പെർമിറ്റ്സ് വിർച്യൽ അസിസ്റ്റന്റ് ചാറ്റ്ബോട്ട് ഒരുക്കിയിരിക്കുന്നത്. എൻജിനീയർ, കൺസൾറ്റൻറ്, ആർക്കിടെക്ട് തുടങ്ങിയവർക്കും, കെട്ടിടഉടമകൾക്കും ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കുന്നതിന് ഈ ചാറ്റ്ബോട്ട് ഉപയോഗപ്പെടുത്താവുന്നതാണ്. വിവിധ ഭാഷകളിലുള്ള ഈ ചാറ്റ്ബോട്ട് ദിവസവും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തനസജ്ജമാണ്.