അബുദാബി: ഡ്രോണുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി
എമിറേറ്റിലെ ഡ്രോണുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) ’48/ 2024′ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. അബുദാബിയിലെ ഡ്രോണുകളുടെ സൈനികേതര ഉപയോഗം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടാണിത്. ഡ്രോണുകൾ, പൈലറ്റില്ലാത്ത മറ്റു ചെറു വിമാനങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം ഈ നിയമം ബാധകമാണ്. ഇവയുടെ എമിറേറ്റിലെ (ഫ്രീ സോണുകളിൽ ഉൾപ്പടെ) ഉപയോഗം നിയന്ത്രിക്കുന്നതും, ഇവയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ, നടപടിക്രമങ്ങൾ എന്നിവ ഏകീകരിക്കുന്നതിനും ഈ തീരുമാനത്തിലൂടെ DMT ലക്ഷ്യമിടുന്നു.
.@AbuDhabiDMT has issued regulations on the civilian use of unmanned aerial vehicles in Abu Dhabi, applying to all UAVs and related activities across the emirate, including free zones. pic.twitter.com/5KW2t4xbwv
— مكتب أبوظبي الإعلامي (@ADMediaOffice) April 5, 2024
ഇതിലൂടെ ഡ്രോണുകളുടെ ഉപയോഗം സുരക്ഷിതമാകുമെന്നും, അവയെ കൂടുതൽ ഫലപ്രദമായി നിരീക്ഷിക്കുന്നതിനും, നിയന്ത്രിക്കുന്നതിനും സാധിക്കുമെന്നും DMT ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അബുദാബിയെ ഡ്രോൺ വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറ്റുന്നതിനും, ഇവ ഉപയോഗിച്ച് കൊണ്ടുള്ള സ്മാർട്ട് ട്രാൻസ്പോർട്ടേഷൻ മെച്ചപ്പെടുത്തുന്നതിനും, വ്യോമയാന മേഖലയിൽ പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനും, എമിറേറ്റിലെ ഡ്രോൺ വ്യവസായ മേഖലയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് DMT പ്രതീക്ഷിക്കുന്നത്.
ഡ്രോണുകളും, അവയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇതിൽ ഡ്രോൺ രൂപകല്പന, ഉത്പാദനം, അസംബ്‌ളി, രൂപമാറ്റം വരുത്തൽ, ഇൻസ്‌പെക്ഷൻ, അറ്റകുറ്റപ്പണികൾ, ഇവയുമായി ബന്ധപ്പെട്ട സിമുലേഷൻ സംവിധാനങ്ങൾ, ട്രെയിനിങ്, ക്ലബുകൾ, ഇവയുടെ വിമാനത്താവളങ്ങൾ, ഇന്ധന സ്റ്റേഷനുകൾ, മറ്റു ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.