പൊലീസ് യൂണിഫോമിൽ ക്യാമറ ഉപയോഗിക്കാൻ അനുമതി നൽകി അബുദാബി ; അറസ്റ്റ് , പരിശോധന നടപടികൾ പൊലീസ് ചിത്രീകരിക്കും
പൊലീസിന്റെ നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനായി കൃത്യനിര്‍വഹണ വേളയില്‍ ഉദ്യോഗസ്ഥര്‍ക്ക് കാമറ ഉപയോഗിക്കാന്‍ അനുമതി നല്കി അബൂദബി പൊലീസ്.നിയമപരമായ അനുമതിയോടെയുള്ള തിരച്ചിലുകൾ, അറസ്റ്റ് നീക്കങ്ങള്‍ എന്നിവക്ക് പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ദൃശ്യങ്ങള്‍ പകർത്താൻ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുമതിയുണ്ട്.
എന്നാൽ, ഈ ക്യാമറ അറസ്റ്റിന് വിധേയമാകുന്നവരോ പരിശോധന നടത്തപ്പെടുന്ന ഇടത്തെ ഉടമകളോ വ്യക്തമായി ദൃശ്യമാവുന്ന രീതിയിലാവണം ഉപയോഗിക്കേണ്ടത്. പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിലാണ് കാമറകൾ ഘടിപ്പിക്കേണ്ടത്.
റെക്കോഡ് ചെയ്യുന്ന വിവരം കസ്റ്റഡിയിലെടുക്കുന്നവരെ അറിയിക്കുകയും വേണം. റെക്കോഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാനും പുതിയ നയം വ്യവസ്ഥ ചെയ്യുന്നു. വെള്ളിയാഴ്ച സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെയാണ് അധികൃതർ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
പകർത്തപ്പെടുന്ന ദൃശ്യങ്ങളുടെ ദുരുപയോഗം തടയുന്നതിനായി പ്രത്യേക ശേഖരണ സംവിധാനങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തും. റെക്കോഡ് ചെയ്ത ദൃശ്യങ്ങള്‍ ഔദ്യോഗിക ആവശ്യത്തിനല്ലാതെ പരസ്യപ്പെടുത്തുകയോ പങ്കുവെക്കുകയോ ചെയ്യുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്നുണ്ട്.ബന്ധപ്പെട്ട അതോറിറ്റിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ ദൃശ്യങ്ങൾ പങ്കുവെക്കാവൂ. പകർത്തിയ ദൃശ്യങ്ങളുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനായി കൃത്രിമം തടയുന്നതിനും മാറ്റങ്ങൾ വരുത്തുന്നത് ഇല്ലാതാക്കുന്നതിനുമായി സുരക്ഷിതമായ ശേഖരണ രീതികളും അബൂദബി പൊലീസ് അവലംബിക്കും.