ആഗോള സ്മാർട്ട് നഗരങ്ങളുടെ മുൻനിരയിൽ അബൂദബി
ലോകത്തിലെ സ്മാര്‍ട്ട് നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തു സ്ഥാനത്തിനുള്ളില്‍ ഇടംപിടിച്ച് അബൂദബി. സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് തയാറാക്കിയ സ്മാര്‍ട്ട് സിറ്റി സൂചിക 2024ല്‍ പത്താം സ്ഥാനമാണ് അബൂദബിക്കുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് അബൂദബി പത്താം സ്ഥാനത്തെത്തിച്ചത്. സ്മാര്‍ട്ട് നഗരങ്ങളുടെ സാമ്പത്തിക, സാങ്കേതിക വശങ്ങളും ജീവിത, പരിസ്ഥിതി, ഉള്‍ക്കൊള്ളല്‍ നിലവാരവും വിലയിരുത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
142 നഗരങ്ങളാണ് പട്ടികയിലുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ദുബൈ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്തെത്തി. റിയാദ് 25, ദോഹ 48, മക്ക 52, ജിദ്ദ 55, മദീന 74, മസ്കത്ത് 88, തെല്‍ അവീവ് 94, അല്‍ ഖോബാര്‍ 99, കൈറോ 114 തുടങ്ങിയവയാണ് മേഖലയില്‍ നിന്ന് പട്ടികയിലിടം നേടിയ മറ്റു നഗരങ്ങള്‍.
സുരക്ഷ(87.4 ശതമാനം), സംസ്കാരവും വിനോദവും(88.7), പൊതുഗതാഗതം(83.8), ഹരിത ഇടങ്ങള്‍(84.7), വൈദ്യ സേവനം(86.3) എന്നിവയാണ് വിവിധ കാറ്റഗറികളില്‍ അബൂദബിക്ക് സൂചികയില്‍ നല്‍കിയിരിക്കുന്ന പോയന്റുകള്‍. സൂറിച്ചാണ് പട്ടികയില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഓസ്ലോ രണ്ടാം സ്ഥാനവും കാന്‍ബറ മൂന്നാം സ്ഥാനവും ജനീവ നാലാം സ്ഥാനവും നേടി. സിംഗപ്പൂരാണ് അഞ്ചാമത്. കോപന്ഹേഗന് ആറും ലൈസേന് ഏഴും ലണ്ടന്‍ എട്ടും ഹെല്‍സിങ്കി ഒമ്പതും സ്ഥാനം നേടി.