അബൂദബി വിമാനത്താവളം: ഷാബിയയിൽ ചെക് ഇൻ സൗകര്യം
അബൂദബി മുസഫയില്നിന്നുള്ളവിമാന യാത്രക്കാര്‍ക്കായി സിറ്റി ചെക് ഇന്‍ സൗകര്യം ഷാബിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷാബിയ പതിനൊന്നിലെ അല്‍ മദീന സൂപ്പര്‍മാര്‍ക്കറ്റിന് സമീപമാണ് പുതിയ ചെക് ഇന്‍ കേന്ദ്രം. വിമാന സമയത്തിന് നാലു മണിക്കൂര്‍ മുമ്പ് മുതല്‍ 24 മണിക്കൂര്‍ മുമ്പ് വരെ ഈ കേന്ദ്രത്തില്‍ ബാഗേജ് സ്വീകരിച്ച് ബോര്‍ഡിങ് കാര്‍ഡ് നല്‍കുന്നതാണ്. മുറാഫിക് ഏവിയേഷന്‍ സര്‍വിസിന്റെ കീഴില്‍ ആരംഭിച്ച കേന്ദ്രം രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും.
ഇത്തിഹാദ് എയര്‍വേസ്, എയര്‍ അറേബ്യ, വിസ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇപ്പോള്‍ സിറ്റി ചെക് ഇന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. അബൂദബി മിന തുറമുഖത്തെ ക്രൂയിസ് ടെര്‍മിനലില്‍ 24 മണിക്കൂറും യാസ് മാളിലെ ഫെരാരി വേള്‍ഡ് എന്‍ട്രന്‍സിലെ കേന്ദ്രം രാവിലെ 10 മുതല്‍ രാത്രി 10 വരെയും പ്രവര്‍ത്തിക്കുന്നുണ്ട്. ബാഗേജുകള്‍ നല്കി ബോര്‍ഡിങ് പാസ് എടുക്കുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്തി ക്യൂവില്‍ കാത്തുനില്‍ക്കാതെ നേരിട്ട് എമിഗ്രേഷന്‍ വിഭാഗത്തിലേക്ക് പോകാം എന്നതാണ് സിറ്റി ചെക്ക് ഇന്‍ ജനപ്രിയമാക്കുന്നത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ആശ്വാസമാണിത്. മുതിര്‍ന്നവര്‍ക്ക് 35 ദിര്‍ഹവും, കുട്ടികള്‍ക്ക് 25 ദിര്‍ഹവുമാണ് ചെക്ക് ഇന്‍ സേവനത്തിനുള്ള നിരക്ക്.