നവീകരണം പൂർത്തിയായി; അബൂദബി വിമാനത്താവള റൺവേ പ്രവർത്തനസജ്ജം
നവീകരണ പദ്ധതിക്കുശേഷം സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വടക്കന്‍ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായതായി അബൂദബി എയര്‍പോര്‍ട്ട്സ് അറിയിച്ചു. 2,10,000 ടണ്‍ ആസ്ഫോല്ട്ട് (ടാര്‍ മഷി) ഉപയോഗിച്ചാണ് അത്യാധുനിക റണ്‍വേയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗ്രൗണ്ട് വിസിബിലിറ്റി മോണിറ്ററിങ് സംവിധാനം, നൂതന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം(ഐ.എൽ.എസ്) എന്നിവയും റണ്‍വേയിലുണ്ട്. ഇതിനു പുറമേ 1200 ഹാലജന്‍ എയര്‍ഫീല്‍ഡ് ലൈറ്റുകള്ക്കു പകരം എല്‍.ഇ.ഡി സാങ്കേതികവിദ്യയിലുള്ള പരിസ്ഥിതി സൗഹൃദ ലൈറ്റുകള്‍ സ്ഥാപിച്ചു. റണ്‍വേയിലെ ഐ.എല്‍.എസ്, റണ്‍വേ വിഷ്വല്‍ റേഞ്ച് (ആര്.വി.ആര്) സംവിധാനങ്ങള്‍ പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങളുടെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ സഹായിക്കും.
വടക്കന്‍ റണ്‍വേ കൂടി പ്രവര്‍ത്തനസജ്ജമായത് വിമാനത്താവളത്തില്‍നിന്നുള്ള സര്‍വിസുകളുടെ എണ്ണം കൂട്ടാന്‍ കഴിയുമെന്ന് അബൂദബി എയര്‍പോര്‍ട്ട്സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എലീന സോര്‍ലിനി പറഞ്ഞു. മികച്ച വിമാനത്താവള നിര്‍മാണ കാമ്പയിനിന്റെ ഭാഗമാണ് പദ്ധതി. വര്‍ധിച്ചുവരുന്ന വ്യോമഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും വിമാനത്താവള ശേഷി കൂട്ടുന്നതിനുമാണ് പദ്ധതിയെന്നും അധികൃതര്‍ വ്യക്തമാക്കി.
ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി ലഗേജ് സൂക്ഷിപ്പ് കേന്ദ്രവും വിമാനത്താവളത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ദീര്‍ഘദൂര യാത്രയുടെ ഭാഗമായി എത്തി തുടര്‍യാത്രക്കുള്ള വിമാനം കാത്തിരിക്കുന്ന വേളയില്‍ ലഗേജുകളും മറ്റും വിമാനത്താവളത്തില്‍ സൂക്ഷിച്ചശേഷം രാജ്യം പുറത്തിറങ്ങി ചുറ്റിക്കാണാനുള്ള അവസരമാണ് ഇതിലൂടെ യാത്രികര്‍ക്ക് ലഭ്യമാവുക.