അശ്രദ്ധമായ ഡ്രൈവിങ്; ഡ്രൈവർക്ക് 800 ദിർഹം പിഴ
അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്ക് 800 ദിർഹം പിഴയും നാലു ബ്ലാക്ക് പോയന്റുകളും നൽകി. അപകടത്തിന്റെ വീഡിയോ അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
വാഹനമോടിക്കുമ്പോൾ റോഡിൽനിന്ന് ശ്രദ്ധ വ്യതിചലിക്കുന്ന വിധത്തിലുള്ള യാതൊരു പ്രവൃത്തിയിലും ഏർപ്പെടരുതെന്ന് അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുക, ഇന്റർനെറ്റിൽ തിരച്ചിൽ നടത്തുക, ചായ കുടിക്കുക, മേക്കപ്പ് ഇടുക, ഫോട്ടോ എടുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന് പോലീസ് ഓർമിപ്പിച്ചു.
എമിറേറ്റിലെ ഗാതാഗത നിയമലംഘനങ്ങൾക്കെതിരേ കർശന നടപടികളാണ് സ്വീകരിക്കുന്നത്. ഈ മാസമാദ്യം ഒരേ യാത്രയിൽ മൂന്ന് വ്യത്യസ്ത നിയമലംഘനം നടത്തിയ ഡ്രൈവർക്ക് പോലീസ് 2,000 ദിർഹം പിഴയും 16 ബ്ലാക്ക് പോയന്റുകളും ചുമത്തിയിരുന്നു. നിയമലംഘനത്തിന്റെ തോത് അനുസരിച്ച് വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.