ഈദ് ദിനങ്ങളിൽ പൊതുഗതാഗതം ഉപയോഗിച്ചത് 60 ലക്ഷത്തിലേറെ പേർ
ഈദുൽ അദ്ഹ അവധി ദിവസങ്ങളിൽ ദുബൈയിൽ പൊതുഗതാഗത സംവിധാനങ്ങൾ വഴി യാത്രചെയ്തത് 60 ലക്ഷത്തിലേറെ പേർ. റോഡ് ഗതാഗത അതോറിറ്റിയുടെ(ആർ.ടി.എ) പത്രക്കുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്. ജൂൺ 27 മുതൽ 30വരെയാണ് പെരുന്നാൾ അവധി ദിവസങ്ങളായിരുന്നത്. ആകെ 63,96,000 യാത്രക്കാരാണ് സഞ്ചരിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബലി പെരുന്നാൾ ദിവസങ്ങളിലെ യാത്രികരുടെ എണ്ണത്തിൽ 14 ശതമാനം വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 56 ലക്ഷമായിരുന്നു യാത്രക്കാരുടെ എണ്ണം.
ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗപ്പെടുത്തിയത് മെട്രോ സേവനമാണ്. റെഡ്, ഗ്രീൻ ലൈനുകളിലായി 23 ലക്ഷം പേരാണ് യാത്ര ചെയ്തത്. ബസ് സർവിസ് 14 ലക്ഷം, സമുദ്ര ഗതാഗത സേവനം 2.60 ലക്ഷം, ടാക്‌സികൾ 19 ലക്ഷം, ട്രാം സർവിസ് 1.04 ലക്ഷം എന്നിങ്ങനെയാണ് മറ്റു ഗതാഗത മാർഗങ്ങൾ ഉപയോഗിച്ചവരുടെ എണ്ണം. എല്ലാ ഗതാഗത സേവനങ്ങളും കൂടുതൽ കാര്യക്ഷമമാക്കാൻ അവധി ദിവസങ്ങൾക്ക് മുമ്പായി മുന്നൊരുക്കം നടത്തിയിരുന്നു.