അബുദാബി എമിറേറ്റിലെ ദൈർഘ്യമേറിയ ടണൽ പാതയിൽ 5071 എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു
എമിറേറ്റിലെ ദൈർഘ്യമേറിയ ടണൽ പാതയായ ശൈഖ് സായിദ് ടണലിലെ ലൈറ്റിങ് സംവിധാനങ്ങൾ അബൂദബി ഗതാഗത അതോറിറ്റി നവീകരിച്ചു. നവീകരണത്തിന്റെ ഭാഗമായി 6.3 കിലോമീറ്റർ നീളമുള്ള പാതയിൽ 5,017 എൽ.ഇ.ഡി ബൾബുകളാണ് പുതുതായി സ്ഥാപിച്ചത്.
രാജ്യത്തെ നഗര അടിസ്ഥാന സൗകര്യങ്ങൾ സുസ്ഥിരമായി നിലനിർത്തുകയും ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ലൈറ്റിങ് സംവിധാനങ്ങൾ നവീകരിച്ചത്.
ഇതുവഴി അറ്റകുറ്റപ്പണികൾക്കായി ചെലവഴിച്ചിരുന്ന തുക വലിയ തോതിൽ കുറക്കാൻ സാധിക്കും. അതോടൊപ്പം, എൽ.ഇ.ഡി ബൾബുകളിലേക്ക് മാറുന്നതുവഴി വൈദ്യുതി ഉപയോഗം 17 ശതമാനം കുറക്കാനും സാധിക്കും. റോഡുകളുടെ വിവിധ സാഹചര്യങ്ങളും സമയങ്ങളും അനുസരിച്ച് വെളിച്ച സംവിധാനങ്ങൾ നിയന്ത്രിക്കാൻ പുതിയ ലൈറ്റിങ് സംവിധാനത്തിലൂടെ സാധിക്കും. പകൽ സമയങ്ങളിൽ വെളിച്ചത്തിന്റെ തീവ്രത കുറക്കാനാകുന്നതിനാൽ വൈദ്യുതി ഉപഭോഗം പകൽ നേരങ്ങളിൽ കുറക്കാൻ സാധിക്കും.
അതേസമയം, ടണലിനകത്ത് രാത്രി സാഹചര്യങ്ങൾ കൂടുതൽ നവീകരിച്ച് ഡ്രൈവർമാരുടെ ദൃശ്യപരത വർധിപ്പിക്കാനും അതുവഴി റോഡപകടങ്ങൾ കുറക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.പരിസ്ഥിതി സൗഹാർദപരമായ രീതിയിലേക്ക് അടിസ്ഥാന സൗകര്യങ്ങളെ പരിവർത്തിപ്പിക്കുന്നതിലൂടെ സുസ്ഥിരമായ വികസനമാണ് യു.എ.ഇ ലക്ഷ്യം വെക്കുന്നത്.