ഗൾഫ് ഡേറ്റ ഹബ്ബിന് 500 കോടി ഡോളറിൻ്റെ വിദേശ നിക്ഷേപം
ഡേറ്റ സെന്റർ സൊലൂഷനുകളുടെ മുൻനിര ദാതാക്കളായ ഗൾഫ് ഡേറ്റ ഹബിന് വിദേശ കമ്പനിയിൽനിന്ന് വമ്പൻ നിക്ഷേപം. ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ കെ.കെ.ആർ ആൻഡ് കമ്പനിയാണ് ഗൾഫ് ഡേറ്റ ഹബിൽ 500 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയത്.വെള്ളിയാഴ്ച എക്സ് പ്ലാറ്റ്ഫോമിലൂടെ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗൾഫ് മേഖലയിൽ ഡേറ്റ സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയാണ് ലക്ഷ്യം. എമിറേറ്റിലെ വ്യവസായങ്ങളിലുടനീളം നിർമിത ബുദ്ധിയും അതിന്റെ സാങ്കേതികവിദ്യകളും സമന്വയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2012ൽ ദുബൈയിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് ഗൾഫ് ഡേറ്റ ഹബ്. ‘ദുബൈ യൂനിവേഴ്സൽ ബ്ലൂപ്രിന്റ് ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന സംരംഭം ആരംഭിച്ച് ഒരു വർഷത്തിനുള്ളിലാണ് ആഗോളതലത്തിൽ പ്രമുഖരായ കെ.കെ.ആർ ആൻഡ് കമ്പനിയുടെ നിക്ഷേപം നേടാൻ ഗൾഫ് ഡേറ്റ ഹബിന് കഴിഞ്ഞതെന്ന് ഹംദാൻ പറഞ്ഞു.
മേഖലയിൽ ആദ്യമായാണ് ഇത്രയും വലിയ നിക്ഷേപം ലഭിക്കുന്നത്. യു.എ.ഇയിലും പശ്ചിമേഷ്യയിലും ദുബൈ ഡേറ്റ ഹബിന്റെ ശേഷി വർധിപ്പിക്കാൻ നിക്ഷേപം സഹായകമാവും. കൂടാതെ ഡിജിറ്റൽ രംഗത്തെ കഴിവുകൾ വികസിപ്പിക്കുകയും നിർമിതബുദ്ധി കണ്ടുപിടിത്തങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്ന ദുബൈയിലേക്ക് കൂടുതൽ പങ്കാളികളെ സ്വാഗതം ചെയ്യുന്നതായും ഹംദാൻ കൂട്ടിച്ചേർത്തു.
പുതിയ കരാറിലൂടെ ദുബൈ കമ്പനിയുടെ ഓഹരി ഇക്വിറ്റി സ്ഥാപനം സ്വന്തമാക്കും. ഈ ഇടപാട് യു.എ.ഇയിൽ സ്ഥാപിതവും നിയന്ത്രിതവുമായ ബിസിനസിലേക്കുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര നിക്ഷേപങ്ങളിലൊന്നായി കണക്കാക്കുന്നു.