ഡ്യൂട്ടിഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് 8 കോടി
യു എ ഇ : ഡ്യൂട്ടിഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലൂടെ ഇന്ത്യക്കാരന് 8 കോടി രൂപ സമ്മാനമായി ലഭിച്ചു. മുംബൈസ്വദേശിയായ രാഹുൽ വിനോദ് ആനന്ദിനെയാണ് ഭാഗ്യം കടാക്ഷിച്ചിരിക്കുന്നത്.. നവംബർ ഒന്നിന് ഓൺലൈനിലൂടെ എടുത്ത ടിക്കറ്റിലൂടെയാണ് 36-കാരനായ രാഹുലിനെ തേടി ഭാഗ്യമെത്തിയത്.
കഴിഞ്ഞ 12 വർഷമായി ദുബായിൽ സ്ഥിരതാമസക്കാരനായ ഇദ്ദേഹം ഒരു സ്വകാര്യ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ സെയിൽസ് മാനേജരായി ജോലിചെയ്യുകയാണ്. 2016 മുതൽ സ്ഥിരമായി ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ ഭാഗ്യംപരീക്ഷിക്കാറുണ്ട്. ഒരുപാട് ആളുകളുടെ ജീവിതം മാറ്റിമറിച്ച ഭാഗ്യം തനിക്കും ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് രാഹുൽ പറഞ്ഞു. അർഹരായ ആളുകൾക്ക് പ്രയോജനപ്പെടുന്നരീതിയിൽ സമ്മാനത്തുക വിനിയോഗിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മില്ലേനിയം മില്ലേനിയർ നറുക്കെടുപ്പിലൂടെ ഭാഗ്യംലഭിക്കുന്ന 199-ാമത് ഇന്ത്യക്കാരനാണ് രാഹുൽ.
മില്ലേനിയം മില്ലേനിയർ നറുക്കെടുപ്പിനുശേഷം നടന്ന ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലും ഇന്ത്യക്കാരിക്കാണ് ആഡംബരകാർ സമ്മാനമായി ലഭിച്ചത്. 27 വയസ്സുകാരിയായ ആകാൻഷയ്ക്ക് ബി.എം.ഡബ്ല്യു. 760 എൽ.ഐ.എക്സ്. ഡ്രൈവ് കാറാണ് നറുക്കെടുപ്പിലൂടെ സ്വന്തമായത്. മൂന്നുവർഷമായി ഫുജൈറയിൽ താമസിക്കുന്ന അവർക്ക് നവംബർ ഒൻപതിന് വാങ്ങിയ 0675 നമ്പർ ടിക്കറ്റിലൂടെയാണ് ഭാഗ്യം കൈവന്നത്. ഫുജൈറയിലെ ഇംഗ്ലീഷ് സ്കൂൾ ഓഫ് കൽബയിൽ ഹൈസ്കൂൾ അധ്യാപികയായ ആകാൻഷ 1822-ാം സീരിസ് നറുക്കെടുപ്പിലേക്ക് രണ്ട് ടിക്കറ്റുകളെടുത്തിരുന്നു. ആകാൻഷക്ക് പുറമെ രണ്ട് പാകിസ്താൻപൗരന്മാരും ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പുകളിൽ ആഡംബരകാറുകൾ സമ്മാനമായി നേടി.