യു എ ഇ യിൽ പാർക്കിലെ ഊഞ്ഞാലിൽ നിന്ന് വീണ് പെൺകുട്ടിക്ക് ഗുരുതര പരിക്ക് ; 7 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധി
അൽഐൻ : പൊതു പാർക്കിൽ കളിക്കുന്നതിനിടെ തലയിൽ ഊഞ്ഞാൽ വീണ് ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ കുടുംബത്തിന് 7 ലക്ഷം ദിർഹം (1.55 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ അൽഐൻ അപ്പീൽ കോടതി വിധിച്ചു. സ്‌കൂളിൽ നിന്ന് വിനോദ യാത്ര പോയ പാർക്കിലെ വീഴ്ചയെത്തുടർന്ന് 30% സ്ഥിര വൈകല്യമാണ് പെൺകുട്ടിക്ക് സംഭവിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ ശാരീരിക, മാനസിക വൈകല്യങ്ങൾക്ക് 30 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് പബ്ലിക് പാർക്ക് മാനേജ്‌മെന്റിനെതിരെ നൽകിയ കേസിലാണ് വിധി.
തലയോട്ടിയിലെ എല്ലുകളിൽ ഒന്നിലധികം പൊട്ടലുകളുണ്ട്. മുഖത്തും കഴുത്തിലും മുറിവേറ്റതായി ഫോറൻസിക് റിപ്പോർട്ടും വ്യക്തമാക്കുന്നു. ഓർമക്കുറവ്, മറവി, വിട്ടുമാറാത്ത തലവേദന, ശ്രദ്ധക്കുറവ്, മാനസിക പ്രയാസം, സ്വഭാവത്തിലെ മാറ്റം തുടങ്ങി 30% സ്ഥിര വൈകല്യമാണ് പെൺകുട്ടിക്ക് സംഭവിച്ചിട്ടുള്ളത്. കീഴ് കോടതി വിധി അംഗീകരിച്ച അപ്പീൽ കോടതി, നഷ്ടപരിഹാരത്തുക നാലു ലക്ഷത്തിൽനിന്ന് 7 ലക്ഷമാക്കി ഉയർത്തുകയായിരുന്നു.നഷ്ടപരിഹാര തുക 7 ലക്ഷമാക്കി വർധിപ്പിച്ച അപ്പീൽ കോടതി, കുട്ടിയുടെ അച്ഛന്റെ കോടതി ചെലവുകൾ നൽകാനും പാർക്ക് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.