ഷാരൂഖാനും റസുൽ പൂക്കുട്ടിയും ഇന്ന് വൈകുന്നേരം 6 ന് ഷാർജയിൽ
ഷാര്‍ജ : ബോളിവുഡ് താരം ഷാറൂഖ് ഖാനും ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ഒരു വേദിയില്‍ ഇന്ന് (വെള്ളി) ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍. വൈകിട്ട് 6 ന് എക്സ്പോ സെന്ററിലെ ബാള്‍റൂമില്‍ സിനിമാ പ്രേമികളുമായി ഇരുവരും സംവദിക്കും.
ലോകം മുഴുവന്‍ ആരാധകരുള്ള ഷാറൂഖ് ഖാന് മധ്യപൂർവദേശത്തും ഇഷ്ടക്കാര്‍ ഏറെയാണ്. ഷാറൂഖിന്റെ സിനിമകള്‍ സ്വദേശികള്‍ക്ക് ഏറെ പ്രിയമാണ്. ഷാര്‍ജ പുസ്തകമേള വേദി ഇന്ന് ആരാധകരെ കൊണ്ടു നിറയും. ഇത്തവണത്തെ ഷാര്‍ജ പുസ്തകമേളയില്‍ ബോളിവുഡില്‍ നിന്നെത്തുന്ന ഏക താരവും ഷാറൂഖ് ആണ്. തിരക്കിട്ട സിനിമാ ജീവിതത്തിനിടയില്‍ ആഴത്തിലുള്ള വായനക്ക് സമയം കണ്ടെത്തുന്ന വ്യക്തിയാണ് ഷാറൂഖ്. നല്ല പുസ്തകങ്ങളെ സ്‌നേഹിക്കുന്ന ഷാറൂഖ് തന്റെ വായനാ അനുഭവങ്ങളെക്കുറിച്ച് പ്രതിപാദിക്കും. നിര്‍മ്മാതാവ് എന്ന നിലയിലും ഷാറൂഖ് ശ്രദ്ധിക്കപ്പെട്ടു. മൂന്ന് പതിറ്റാണ്ട് കാലത്തെ സിനിമാ ജീവിതത്തില്‍ ഭൂരിഭാഗവും ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ഷാറൂഖ് 80 തിലേറെ സിനിമകളില്‍ അഭിനയിച്ചു.
മലയാളിയായ റസൂല്‍ പൂക്കുട്ടി ഓസ്‌കാര്‍ ലഭിച്ചതോടെ ലോകമറിയുന്ന പ്രതിഭയായി. സിനിമയില്‍ സൗണ്ട് എൻജിനീയറിങ്ങിന്റെ പ്രാധാന്യം ലോകത്തിനു പരിചയപ്പെടുത്തുന്നത് റസൂല്‍ പൂക്കുട്ടിയാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ദുബായില്‍ പുരോഗമിക്കുന്നു. സൗണ്ട് എൻജിനീയറിങ്ങിന്റെ ഏറ്റവും പുതിയ സാങ്കേതികത താമസിയാതെ സിനിമാ മേഖലയില്‍ പരിചയപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി വരികയാണു റസൂല്‍ പൂക്കുട്ടി.