യുവതിയിൽ നിന്ന് തട്ടിയെടുത്ത 560000 ദിർഹം തിരികെ നല്കാൻ വിധിച്ച് അബുദാബി കോടതി
യു എ ഇ : ബിസിനസ്സിൽ നിക്ഷേപിച്ചാൽ മാസം ലാഭം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് 560000 ദിർഹം കൈക്കലാക്കിയ പ്രതിയോട് പണംതിരികെ നല്കാൻ വിധിച്ച് അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്ട്രേറ്റീവ് കോടതി. ഓൺലൈൻ ബിസിനസിൽ പണം നിക്ഷേപിച്ചാൽ ലാഭം ഉണ്ടാകുമെന്നും, ലാഭ വിഹിതം മാസം നൽകാമെന്നും തെറ്റിദ്ധരിപ്പിച്ച് യുവാവ് പണം കൈക്കലാക്കുകയായിരുന്നു. യുവാവും ഇതേ ബിസിനസ്സിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും, ലാഭമുണ്ടെന്നും പറഞ്ഞതോടെ യുവതി പണം യുവാവിനെ ഏൽപ്പിക്കുകയായിരുന്നു.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ലാഭ വിഹിതം ലഭിക്കാതായതിനെത്തുടർന്ന് മൂലധനം തിരികെ നൽകാൻ യുവതി ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാതായതിനെ തുടർന്നാണ് യുവാവ് തന്നെ പറ്റിയ്ക്കുകയായിരുന്നെന്നും, പണം ബിസിനസിൽ നിക്ഷേപിച്ചിട്ടില്ലെന്നും യുവതിക്ക് മനസിലായത്. തുടർന്ന് യുവാവിനെതിരെ യുവതി കേസ് കൊടുക്കുകയായിരുന്നു. തന്റെ കയ്യിൽ നിന്ന് വാങ്ങിയ പണവും, ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരവും നൽകണമെന്നാവശ്യപ്പെട്ടായിരുന്നു യുവതി അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ പരാതി നൽകിയയത്. എന്നാൽ മുൻപ് അബുദാബി ക്രിമിനൽ കോടതിൽ നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ 21000 ദിർഹം താൽകാലിക നഷ്ടപരിഹാരമായി യുവതിക്ക് നൽകയിട്ടുണ്ടെന്നും ഈ തുക പിഴയിൽ നിന്നും കുറച്ച് നൽകണമെന്നും യുവാവ് ആവശ്യപ്പെട്ടു. എന്നാൽ കോടതി ഈ വാദം പിൻതള്ളുകയായിരുന്നു. യുവതിയിൽ നിന്ന് വാങ്ങിയ മുഴുവൻ തുകയായ 560000 ദിർഹവും പരാതിക്കാരിയുടെ കോടതിചിലവുകളും നൽകാൻ കോടതി വിധിച്ചു.