സ്വദേശികളുടെ 536.2 ദശലക്ഷം ദിർഹത്തിൻ്റെ കടബാധ്യതകൾ എഴുതിത്തള്ളി യുഎഇ പ്രസിഡൻ്റ്
അബുദാബി : രാജ്യത്തിൻ്റെ 51-ാമത് ദേശീയ ദിനത്തിന് മുന്നോടിയായിസ്വദേശികളുടെ ദശ ലക്ഷകണക്കിന് ബാങ്കിലേത് ഉൾപ്പെടെയുള്ള കടബാധ്യതകൾ എഴുതിത്തള്ളി യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ്സ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 17 ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ 1,214 സ്വദേശികളുടെ കടങ്ങൾ എഴുതിത്തള്ളിയതായി നോൺ-പെർഫോമിംഗ് ഡെബ്റ്റ് റിലീഫ് ഫണ്ട് പ്രഖ്യാപിച്ചു. കടങ്ങളുടെ മൊത്തം മൂല്യം 536,230,000 ദിർഹത്തിൽ കൂടുതലാണ്. രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശങ്ങളും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ തുടർനടപടികളുടെയും അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.
ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, അൽ ഹിലാൽ ബാങ്ക്, മഷ്‌റഖ് ബാങ്ക്, എമിറേറ്റ്സ് എൻബിഡി, അബുദാബി ഇസ്ലാമിക് ബാങ്ക്, റാക്ബാങ്ക്, എച്ച്എസ്ബിസി, ദുബായ് ഇസ്ലാമിക് ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് ഫുജൈറ, യുണൈറ്റഡ് അറബ് ബാങ്ക്, ഷാർജ ഇസ്ലാമിക് ബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായ്, അംലക് ഫിനാൻസ്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, അൽ മസ്‌റഫ്, എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് ഉമ്മുൽ ഖൈവെയ്ൻ (NBQ) എന്നീ സഥാപനങ്ങളാണ് കടങ്ങൾ എഴുതിത്തള്ളിയിരിക്കുന്നത്.എല്ലാ യുഎഇ പൗരന്മാർക്കും മാന്യമായ ജീവിതം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യുഎഇ നേതൃത്വം കടങ്ങൾ എഴുതിത്തള്ളിയിരിക്കുന്നത്.