കൈതചക്കക്കുള്ളിൽ മരിജ്ജ്വാന ; ആഫ്രിക്കൻ യാത്രക്കാരൻ ദുബായിൽ പിടിയിൽ
ദുബായ് : കൈതച്ചക്കക്കുള്ളിൽ ലഹരി മരുന്ന് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ യാത്രക്കാരൻ ദുബായ് വിമാനതാവളത്തിൽ അറസ്റ്റിൽ. ആഫ്രിക്കയിൽ നിന്നെത്തിയ ഇയാളെ 417.30 ഗ്രാം മരിജ്ജ്വാനയുമായി ഒന്നാം നമ്പർ ടെർമിനലിൽ അറസ്റ്റ് ചെയ്യുകയായിരിക്കുന്നു.
കൈതച്ചക്ക ഉദ്പാദനത്തിൽ പ്രശസ്തരായ രാജ്യത്ത് നിന്നായിരുന്നു ഇയാളുടെ വരവ്. കാർഡ് ബോർഡ് ബോക്സിലാണ് കൈതച്ചക്ക എത്തിച്ചത്. സംശയം തോന്നിയ ദുബൈ കസ്റ്റംസ് അധികൃതർ ഇയാളെ പിന്തുടരുകയും ചോദ്യം ചെയ്യുകയും ചെയ്തു. മറുപടിയിൽ അവ്യക്തത തോന്നിയതോടെ ബോക്സ് സ്കാൻ ചെയ്തപ്പോഴാണ് കൈതച്ചക്കക്കുള്ളിൽ കറുത്ത കവറുള്ളതായി തെളിഞ്ഞത്. അഴിച്ച് പരിശോധിച്ചതോടെയാണ് 399 ചെറിയ പൊതികളിലായി 417.30 ഗ്രാം മരിജ്ജ്വാന കണ്ടെത്തിയത്. ഇയാളെ ദുബൈ പൊലീസിന്‍റെ ലഹരി വിരുദ്ധ സേനക്ക് കൈമാറി. ആദ്യം കുറഞ്ഞ അളവിൽ ലഹരി മരുന്ന് അയക്കുകയും വിജയിച്ചാൽ കൂടുതൽ എത്തിക്കുകയും ചെയ്യുന്നതാണ് ഇവരുടെ പതിവെന്ന് കസ്റ്റംസ് വ്യക്തമാക്കി.