ദുബായ് ആകാശ വീഥികളിൽ നാളെ റാഫ് റെഡ് ആരോസ് യുദ്ധവിമാനങ്ങളുടെ പരേഡ്
യു എ ഇ : ഡിപി വേൾഡ് ടൂർ ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായി നാളെ (വ്യാഴാഴ്ച ) എമിരേറ്റ്സ് എ 380 യും റാഫ് റെഡ് ആരോസ് യുദ്ധവിമാനങ്ങളും ചേർന്ന് പരേഡ് അവതരിപ്പിക്കും. യു എ ഇ യുടെ എമിറേറ്റ്‌സ് എ380യും ,ആറ് റാഫ് റെഡ് ആരോ യുദ്ധ വിമാനങ്ങളും ഒറ്റ നിരനിരയായ് പറന്നുകൊണ്ട് യു എ ഇ ആകാശങ്ങളിൽ കൗതുകം തീർക്കും.
ജുമൈറ ഗോൾഫ് എസ്റ്റേറ്റിൽ നിന്ന് ആരംഭിച്ച് ഷെയ്ഖ് സായിദ് റോഡിന്റെയും ബുർജ് ഖലീഫയുടെയും ആകാശവീഥികളിൽ യുദ്ധവിമാനങ്ങൾ പരേഡ് അവതരിപ്പിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കും ഒരുമണിക്കും ഇടയിലായിരിക്കും പരേഡ്. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ്, ഷെയ്ഖ് സായിദ് റോഡ്, ഡൗൺടൗൺ ദുബൈ,മറ്റു പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉടനീളമുള്ള മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും കൗതുകമുണർത്തുന്ന പരേഡ് ഈ സമയത്ത് കാണാൻ സാധിക്കും.
പരേഡ് കാണുന്നവർ തങ്ങളുടെ ഫോണിലോ, ക്യാമറകളിലോ വിഡിയോകളും, ചിത്രങ്ങളും പകർത്താവുന്നതാണ്. എന്നാൽ ഡ്രോണുകളും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോ പകർത്തൽ കർശനമായും നിരോധിച്ചിരിക്കുകയാണ്.പരേഡിനെ ബാധിക്കുന്ന തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതകൾ കണക്കിലെടുത്താണ് ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിച്ചിരുന്നത്