എണ്ണ ഉത്പാദനം വർദ്ധിപ്പിക്കാൻ ഒരുങ്ങി യുഎഇ
പ്രതിദിന എണ്ണ ഉൽപാദനം വർധിപ്പിക്കാൻ ഒരുങ്ങി യുഎഇ. 2025ഓടെ എണ്ണ ഉത്പാദനം 50 ലക്ഷം ബാരലാക്കി ഉയർത്താനാണു പദ്ധതി.30 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയിലായിരുന്നു ഉദ്പാതിപ്പിച്ചിരുന്നത്. എണ്ണ വില വർധിക്കുന്ന സാഹചര്യത്തിൽ നേട്ടം കൊയ്യാൻ ലക്ഷ്യമിട്ടാണ് യു എ ഇ ഇങ്ങനെ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
2025ൽ ഈ ലക്ഷ്യം സാക്ഷാൽകരിച്ചാൽ 2030ഓടെ പ്രതിദിനം 60 ലക്ഷം ബാരലാക്കി ഉയർത്താനും പദ്ധതിയുണ്ട്.
2030ൽ പ്രതീക്ഷിച്ചിരുന്ന ഉൽപാദന വർധന 5 വർഷം മുൻപുതന്നെ കൈവരിക്കാനാകുമെന്നു ദേശീയ എണ്ണക്കമ്പനിയായ അഡ്നോക് അറിയിച്ചു. ഇതനുസരിച്ച് കൂടുതൽ എണ്ണ, പ്രകൃതിവാതകം വിപണിയിൽ എത്തിക്കും.
സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഒപെക്കിലെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യമാണ് യുഎഇ.
നിലവിൽ പ്രതിദിനം 40 ലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കാൻ ശേഷിയുണ്ടെങ്കിലും നിയന്ത്രണങ്ങളെ തുടർന്ന് ഓഗസ്റ്റിൽ ഉൽപാദിപ്പിച്ചത് 34 ലക്ഷം ബാരലാണ്.
ഒപെക്, ഒപെക് പ്ലസ് ധാരണയനുസരിച്ച് ഉൽപാദന നിയന്ത്രണം വർഷാവസാനം വരെ തുടരുമെന്നാണ് സൂചന. ഇതേസമയം 2027ഓടെ സൗദി അറേബ്യ പ്രതിദിന ഉൽപാദനം 1.3 കോടി ബാരലാക്കി ഉയർത്താനും ആലോചിക്കുന്നുണ്ട്.നിലവിൽ ഇത് 1.2 കോടിയാണ്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം മൂലം എണ്ണവില ബാരലിനു 120 ഡോളറായി ഉയർന്നിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിൽ ഇടക്കാലം വച്ച് 90 ഡോളറായി കുറഞ്ഞുവെങ്കിലും യുഎഇയുടെ ഉൽപാദന ചെലവിനെക്കാൾ വളരെ കൂടുതലാണിത്. അതുകൊണ്ടുതന്നെ യുഎഇ എണ്ണപ്പാടങ്ങളിൽ പങ്കാളികളായ രാജ്യാന്തര കമ്പനികളോട് ഉൽപാദനം 10 ശതമാനമോ അതിൽ കൂടുതലോ ഉയർത്താൻ അഡ്നോക് ആവശ്യപ്പെട്ടു.