ദുബായ് ഫിറ്റ്നസ് ചലഞ്ച് ; 30 ദിവസങ്ങൾ,ദിവസം 200 കിലോമീറ്റർ, 6000 കിലോമീറ്റർ സൈക്കിളിൽ താണ്ടി മലയാളി
ദുബൈ : ദുബായ് ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് മലയാളി സൈക്കിൾ ചവിട്ടിയത് 6000 കിലോമീറ്റർ. ആലപ്പുഴ മാവേലിക്കര സ്വദേശി ലാലു കോശി 30 ദിവസം 200 കിലോമീറ്റർ വീതം സൈക്കിൾ ചവിട്ടിയാണ് ഫിറ്റ്നസ് ചലഞ്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ദിവസവും 8.30 മണിക്കൂറോളമെടുത്താണ് ലാലു തന്റെ സൈക്കിളിൽ ചുറ്റിക്കറങ്ങിയത്. ഫിറ്റ്നസ് ചലഞ്ചിന്റെ 30 ദിവസം പൂർത്തിയാക്കിയപ്പോൾ ലാലു ആകെ കീഴടക്കിയത് 6000 കിലോമീറ്ററാണ്.കായിക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന് ജനങ്ങളെ പ്രാപ്തമാക്കി, ആരോഗ്യ ശീലങ്ങള്‍ ജീവിതക്രമത്തിന്റെ ഭാഗമാക്കി മാറ്റിയെടുക്കാന്‍ പ്രോത്സാഹനം നല്കുന്ന ഫിറ്റ്നസ് ചാലഞ്ച് ഒക്ടോബര്‍ 29നായിരുന്നു ആരംഭിച്ചത്.
സൈക്കിൾ ചവിട്ടാൻ ഏറെ ഇഷ്ടമുള്ള ലാലു രാത്രിയിലായിരുന്നു റൈഡുകൾ നടത്തിയത് . ചില ദിവസങ്ങളിൽ ദുബൈയിൽനിന്ന് തുടങ്ങിയ റൈഡ് അതിർത്തികൾ കടന്ന് ഷാർജയിലും റാസൽഖൈമയിലും അജ്മാനിലും വരെയെത്തി. തൊവാം എക്യുപ്മെന്റ് ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനാണ് ലാലു . സൈക്കിൾ ചവിട്ടുന്നതിനായി കമ്പനി ജോലി ക്രമീകരണം ചെയ്ത് കൊടുത്തിരുന്നു.ട്രയാത്ത്ലൺ ഹബ് മെയ്ദാനാണ് റൈഡിങ്ങിന് പിന്തുണ നൽകിയത്. ഫിറ്റ്നസ് കൂട്ടായ്മയായ കേരള റൈഡേഴ്സിൽ അംഗമാണ്. കഴിഞ്ഞ വർഷം 28 മണിക്കൂർ തുടർച്ചയായി സൈക്കിൾ ചവിട്ടി ലാലു കുതിപ്പ് നടത്തിയിരുന്നു. 666 കിലോമീറ്ററാണ് തുടർച്ചയായി ചവിട്ടിയത്.