യു എ ഇ നിവാസികൾക്ക് ഇനി ഭീമൻ സ്‌ക്രീനിൽ ലോകകപ്പ് കാണാം ;ദിവസേന 2000 പേർക്ക് പ്രവേശനം
അബുദാബി : ലോകകപ്പ് ആവേശത്തിരയിളക്കികൊണ്ട് അബുദാബിയിലും ഫാൻ സോണുകൾ. ഖത്തറിൽ പോയി ലോകകപ്പ് നേരിട്ട് കണ്ടാസ്വദിക്കാൻ സാധിക്കാത്തവർക്കായി യു എ ഇ ഭീമൻ എൽഇഡി സ്ക്രീനിൽ ഖത്തറിലെത്തിയ പ്രതീതി സൃഷ്ടിക്കും. യുഎഇയിലെ ഏറ്റവും വലിയ ഔട്ഡോർ സ്‌ക്രീനുകളിൽ ഒന്നാകും ഇത്.
സാംസ്കാരിക, ടൂറിസം വിഭാഗമാണ് (ഡിസിടി) വലിയ സ്ക്രീനിൽ ലോകകപ്പ് കപ്പ് തത്സമയം കാണാൻ അവസരമൊരുക്കുന്നത്.ദിവസേന 2000 പേർക്കാണ് പ്രവേശനം. അബുദാബി യാസ് ഐലന്റിലെ യാസ് ലിങ്ക്സിൽ 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഫാൻ സോൺ ഒരുക്കിയത്. ടൂർണമെന്റ് ഡിസംബർ 18 വരെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം ഇവിടെ ഇരുന്നു കളി കാണാം.സൗകര്യങ്ങൾ അനുസരിച്ച് വ്യൂവിങ് സോൺ, ആക്ടിവേഷൻ സോൺ, എഫ് ആൻഡ് ബി സോൺ, വിഐപി ലോഞ്ച് സോൺ എന്നിങ്ങനെ 4 സോണുകളാക്കി തിരിച്ചിട്ടുണ്ട്.ഫുട്ബോൾ ഇടവേളകളിൽ ആകർഷക കലാ, കായിക പരിപാടികളും ഉണ്ടാകും. എല്ലാവർക്കും ഇരിപ്പിടം ഒരുക്കിയ ഇവിടെ ഭക്ഷണ, പാനീയങ്ങളും ലഭ്യമാണ്.
ഇഷ്ടപ്പെട്ട ടീമുകളെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക സോണുകളും ഉണ്ടാകും. ഫുട്ബോൾ ആവേശം പകരാൻ വിവിധ മത്സരങ്ങളും ചാലഞ്ച് ഗെയിമുകളും ഒരുക്കും. വിജയികളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങൾ.റജിസ്ട്രേഷൻ ചെയ്യുന്നതിനായി ആഡ് ഫാൻസോൺ വെബ്‌സൈറ്റ് ഉപയോഗിക്കാം. http://adfanzone.zemmz.com/