വിവാഹ വാഗ്ദാനം നൽകി 2 ലക്ഷം ദിർഹം കൈക്കലാക്കിയ യുവാവ് വിവാഹം ചെയ്തത് മറ്റൊരു യുവതിയെ
യു എ ഇ : യുവതിക്ക് വിവാഹ വാഗ്ദാനം നൽകി 2 ലക്ഷം ദിർഹം പണം തട്ടിയ ശേഷം മറ്റൊരു യുവതിയെ വിവാഹം കഴിച്ച കേസിൽ പണം തിരികെ നൽകാൻ കോടതി വിധി.അൽ ഐൻ സിവിൽ പ്രാഥമിക കോടതിയാണ് പണവും യുവതിയുടെ കോടതി ചിലവുകളും തിരികെ നൽകാൻ വിധിച്ചത്.
യു എ എയിൽ കണ്ടുമുട്ടിയ ഇരുവരും ഒരേ രാജ്യക്കാരാണ്. തുടർന്ന് സൗഹൃദത്തിലായ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വിവാഹം കഴിക്കാൻ താല്പര്യമുണ്ടെനും പണം ഇപ്പോൾ ഇല്ലെന്നും യുവാവ് പറഞ്ഞതിനെത്തുടർന്ന് യുവതി രണ്ട് ലക്ഷം ദിർഹം വിവാഹ ആവശ്യങ്ങൾക്കായി യുവാവിന്റെ അകൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് നൽകുകയായിരുന്നു. എന്നാൽ പണം ലഭിച്ചതിനെത്തുടർന്ന് യുവാവ് യുവതിയുടെ മെസേജുകളും, ഫോൺ കോളുകളോടും പ്രതികരിക്കാതെയായി. തുടർന്നുള്ള അന്വേഷണത്തിലാണ് യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായി കണ്ടെത്തിയത്. തുടർന്ന് യുവതി അൽ ഐൻ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. യുവതിയെ യുവാവ് കബളിപ്പിച്ചതാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കോടതി രണ്ട് ലക്ഷം ദിർഹം തിരികെ നൽകാനും യുവതിയുടെ കോടതി ചിലവുകൾ വഹിക്കാനും അൽ ഐൻ കോടതി വിധിച്ചു.