മരുഭൂമിയെ ഹരിതാഭമാക്കി അബുദാബിയിൽ കണ്ടൽക്കാടുകൾ ;10 ലക്ഷം കണ്ടൽ തൈകൾ നട്ടുപിടിപ്പിക്കുന്നു
അബുദാബി∙: സ്വകാര്യമേഖകളയുടെ സഹകരണത്തോടെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് അബുദാബിയിൽ പത്തു ലക്ഷം കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്നു. യുഎഇയുടെ പ്രഖ്യാപിത നെറ്റ് സീറോ നയത്തിനു ആക്കം കൂട്ടുന്നതായിരിക്കും പദ്ധതി.പരമാവധി കാർബൺ ബഹിർഗമനം കുറച്ചുകൊണ്ട് സസ്യ സൗഹാർദ്ദമാക്കുകയാണ് ലക്‌ഷ്യം.
കാർബൺ ബഹിർഗമനം തടയാൻ പ്രകൃതിദത്ത മാർഗമാണ് കണ്ടൽചെടികളെന്നു സംയോജിത പരിസ്ഥിതി നയ ആസൂത്രണ വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ റുമൈത്തി പറഞ്ഞു. കാടുകളെക്കാൾ പല മടങ്ങ് കാർബൺ സംഭരിക്കാൻ ശേഷി ഇവയ്ക്കുണ്ട്.
ആഗോളതലത്തിലെ പ്രധാന അപകടങ്ങളിൽ ഒന്നാണ് കാലാവസ്ഥാ വ്യതിയാനം. അതുകൊണ്ടുതന്നെ ആഗോളതാപനം തടയാനുള്ള പാരീസ് ഉടമ്പടി അംഗീകരിക്കുകയും ഒപ്പുവയ്ക്കുകയും ചെയ്ത മധ്യപൂർവദേശ, വടക്കൻ ആഫ്രിക്കൻ മേഖലകളിലെ (മെന) ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ. നെറ്റ് സീറോ 2050 പദ്ധതി പ്രഖ്യാപിച്ച മേഖലയിലെ ആദ്യ രാജ്യവും യുഎഇയാണ്.
രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 1970കളിൽ തന്നെ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തി മികച്ച മാതൃകയ്ക്കു തുടക്കമിട്ടിരുന്നു. അതേപാതയാണു മറ്റു ഭരണാധികാരികളും പിന്തുടരുന്നതെന്നും പറഞ്ഞു. അടുത്ത കാലാവസ്ഥാ ഉച്ചകോടിക്കു യുഎഇ ആതിഥ്യം വഹിക്കുന്നതിനു മുന്നോടിയായി സമസ്ത മേഖലകളിലും പരിസ്ഥിതി സൗഹൃദ സംവിധാനം ഒരുക്കുന്നതിൽ വ്യാപൃതരായിരിക്കുകയാണ് സർക്കാർ,
ഇതിന്റെ ഭാഗമായി അബുദാബി ജുബൈൽ ഐലൻഡ് ഇൻവസ്റ്റ്‌മെന്റ് കമ്പനി ദ്വീപിൽ 10 വർഷത്തിനകം 10 ലക്ഷം കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിൽ യുഎഇയിൽ 4000 ഹെക്ടർ സ്ഥലത്ത് കണ്ടൽകാടുകളുണ്ട്. ഇതിൽ 2500 ഹെക്ടറും അബുദാബിയിലാണ്.
ജൈവ വൈവിധ്യം മെച്ചപ്പെടുത്തുക, വന്യജീവികൾക്കു സുരക്ഷിത ആവാസ വ്യവസ്ഥ ഒരുക്കുക, കാർബൺ മലിനീകരണം കുറയ്ക്കുക, ശുദ്ധവായു ഉറപ്പാക്കുക, ജലപാതകളിലും തീരങ്ങളിലും മണ്ണൊലിപ്പ് തടയുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. തണ്ണീർത്തട മേഖലകളുടെ സംരക്ഷണത്തോടൊപ്പം പുതിയ ജലസംഭരണ കേന്ദ്രത്തിന്റെ പിറവിക്കും ഇതു കാരണമാകും. ഇതുവഴി ഭൂഗർഭ ജലത്തിന്റെ അളവ് വർധിപ്പിക്കാമെന്നും കണക്കുകൂട്ടുന്നു