സുൽത്താൻ അൽ നിയാദി ഇന്നെത്തും
ആറുമാസത്തെ ബഹിരാകാശ ദൗത്യവും ഹൂസ്റ്റണിൽ രണ്ടാഴ്ച നീണ്ട ആരോഗ്യ വീണ്ടെടുപ്പിനും ശേഷം ഇമാറാത്തിന്റെ അഭിമാനതാരം സുൽത്താൻ അൽ നിയാദി തിങ്കളാഴ്ച യു.എ.ഇയിൽ എത്തുന്നു. ഹൂസ്റ്റണിൽ നിന്ന് വിമാനമാർഗം എത്തിച്ചേരുന്ന അദ്ദേഹത്തെ ഭരണപ്രമുഖരും മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിന്റെ മേധാവികളും ചേർന്ന് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ ബഹിരാകാശ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് സ്വീകരണത്തിന് വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
എന്നാൽ, രാജ്യമൊന്നടങ്കം പ്രതീക്ഷാപൂർവം കാത്തിരിക്കുന്ന സുൽത്താന്റെ മടങ്ങിവരവ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബഹിരാകാശ ദൗത്യം പൂർത്തീകരിച്ച് സെപ്റ്റംബർ നാലിനാണ് യു.എസിലെ ഫ്ലോറിഡയിൽ അദ്ദേഹം മടങ്ങിയെത്തിയത്. ചികിത്സയും ശാസ്ത്രപരീക്ഷണങ്ങളും പൂർത്തിയാക്കി 14ദിവസത്തിനുശേഷമാണ് യു.എ.ഇയിലേക്ക് മടങ്ങുന്നത്. ഒരാഴ്ചയോളം മാതൃരാജ്യത്ത് ചെലവഴിക്കുമെന്നാണ് അധികൃതർ നേരത്തേ വെളിപ്പെടുത്തിയത്. പിന്നീട് ശാസ്ത്ര പരീക്ഷണങ്ങൾ തുടരുന്നതിന് ഹൂസ്റ്റണിലേക്ക് തന്നെ മടങ്ങും. തിരിച്ചെത്തുന്ന രാജ്യത്തിന്റെ അഭിമാനപുത്രന് സമുചിതമായ സ്വീകരണം നൽകുന്നതിനുള്ള ഒരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുന്നുണ്ട്.
നേരത്തേ ഹസ്സ അൽ മൻസൂരിക്ക് നൽകിയതിന് സമാനമായ രീതിയിൽ ഗംഭീരസ്വീകരണ ചടങ്ങുകളാണ് ഒരുക്കുക. രാഷ്ട്രനേതാക്കളെ സന്ദർശിക്കൽ, ദൗത്യ വിജയാഘോഷം, പൊതുജനങ്ങളുമായുള്ള സംവാദം, ജന്മനാടായ അൽ ഐനിൽ പ്രത്യേക സ്വീകരണം എന്നിവ നടക്കുമെന്നാണ് കരുതുന്നത്. അൽ നിയാദി ആരോഗ്യം വീണ്ടെടുത്തുവെന്ന് കഴിഞ്ഞ ദിവസം മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ ഫ്ലൈറ്റ് സർജൻ ഡോ. ഹനാൻ അൽ സുവൈദി വ്യക്തമാക്കിയിരുന്നു. ഹൂസ്റ്റണിൽ അൽ നിയാദിയുടെ ചികിത്സക്കും മറ്റും മേൽനോട്ടം വഹിക്കുന്ന അവർ സമൂഹമാധ്യമങ്ങൾ വഴിയാണ് സുഖവിവരങ്ങൾ വെളിപ്പെടുത്തിയത്.